കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് ഹൈക്കോടതിയുടെ നോട്ടീസ്. മോഹൻലാലിന്റെ കൈവശമുള്ള 13 ആനക്കൊമ്പുകൾ പിടിച്ചെടുക്കണമെന്ന ഹർജിയിലാണ് നോട്ടീസ്. മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പിൽ തീർത്ത 13 വിഗ്രഹങ്ങൾ പിടിച്ചെടുക്കണമെന്ന പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.

ആനക്കൊമ്പ് കൈവശം വയ്ക്കാൻ മോഹൻലാലിന് ലഭിച്ച അനുമതി റദ്ദാക്കണമെന്നും കൈവശാനുമതി നൽകിയ നടപടി ക്രമം കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജെയിംസ് മാത്യു സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.

2011 ൽ മോഹൻലാലിന്റെ തേവരയിലെ വസതിയിൽ പരിശോധന നടത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ രണ്ട് ജോഡി ആനക്കൊമ്പുകൾ മാത്രമാണ് പിടിച്ചെടുത്തതെന്നും ആനക്കൊമ്പിൽ തീർത്ത നടരാജ വിഗ്രഹം അടക്കം 13 ശിൽപ്പങ്ങൾ പിടിച്ചെടുക്കാതെ മോഹൻലാലിന് ഒത്താശ ചെയ്തെന്നും ഹർജിക്കാരൻ ആരോപിച്ചു.

ആനക്കൊമ്പ് കേസിൽ വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചെങ്കിലും തൊണ്ടിമുതൽ കണ്ടെടുത്തിട്ടില്ല. തൊണ്ടിമുതൽ ഇല്ലാതെയാണ് കുറ്റപത്രം പെരുമ്പാവൂർ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. തൊണ്ടിമുതൽ കോടതിയിൽ ഹാജരാക്കാതെ ക്രിമിനൽ കേസ് എടുത്തത് നീതിന്യായ ചരിത്രത്തിൽ തന്നെ ആദ്യമാണന്നും ഹർജിക്കാരൻ ആരോപിച്ചു. മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാൻ അനുമതി നൽകിയത് തന്നെ നിയമവിരുദ്ധമായാണന്നും നിയമവിരുദ്ധമായ ഒരു കാര്യം മുൻകാല പ്രാബല്യത്തോടെ ക്രമപ്പെടുത്തിയത് നിലനിൽക്കില്ലന്നും ഹർജിക്കാരൻ ബോധിപ്പിച്ചു.

കേസിൽ കോടതി സർക്കാരിന്റെ നിലപാട് തേടി. കേസിൽ എഴാം എതിർകക്ഷിയാണ് മോഹൻലാൽ. സർക്കാർ കൈവശാനുമതി നൽകിയിട്ടും ചിലർ തന്നെ വേട്ടയാടുകയാണന്നും പൊതുജനമധ്യത്തിൽ തന്റെ പ്രതിഛായ തകർക്കാനുള്ള ചിലരുടെ ഗൂഢലക്ഷ്യമാണ് ഹർജിക്ക് പിന്നിലെന്നുമാണ് മോഹൻലാലിന്റെ വാദം. കേസ് രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook