scorecardresearch
Latest News

ഐ.വി.ശശിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും

ഓസ്ട്രേലിയയിലുള്ള മകൾ അനു ഉച്ചതിരിഞ്ഞ് ചെന്നൈയിൽ എത്തും

ഐ.വി.ശശിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും

ചെന്നൈ: അന്തരിച്ച പ്രമുഖ സംവിധായകൻ ഐ.വി.ശശിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. വൈകിട്ട് ആറ് മണിയോടെ പോരൂർ വൈദ്യുത ശ്മശാനത്തിലാകും സംസ്കാര ചടങ്ങുകൾ. അഞ്ച് മണി വരെ ചെന്നൈ സാലിഗ്രാമത്തുള്ള വീട്ടിൽ ഐ.വി.ശശിയുടെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഓസ്ട്രേലിയയിലുള്ള മകൾ അനു ഉച്ചതിരിഞ്ഞ് ചെന്നൈയിൽ എത്തും.

നടൻ മമ്മൂട്ടിയുൾപ്പടെ ഒട്ടേറെ പ്രമുഖർ ഇന്ന് ഐ.വി.ശശിയ്ക്ക് അന്തിമോപചാരമർപ്പിയ്ക്കാനെത്തുമെന്നാണ് കരുതുന്നത്. ഇന്നലെ മോഹൻലാലും കമൽഹാസനും മുതിർന്ന അഭിനേത്രി ശാരദയുമുൾപ്പടെ ഒട്ടേറെ പ്രമുഖർ ഐ.വി.ശശിയ്ക്ക് അന്ത്യാഞ്ജലികളർപ്പിയ്ക്കാനെത്തിയിരുന്നു.

ഇന്നലെ രാവിലെയോടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയ്ക്കാണ് അദ്ദേഹം അന്തരിച്ചത്. പ്രിയസംവിധായകന് യാത്രാമൊഴികളേകാന്‍ നിരവധി പേരാണ് ചെന്നൈയിലെ വീട്ടില്‍ എത്തിക്കൊണ്ടിരിക്കുന്നത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് എന്നാണ് ആദ്യം അറിയിച്ചതെങ്കിലും മകള്‍ ഇന്ന് ഉച്ചക്ക് എത്തുന്നതുകൊണ്ടാണ് സംസ്കാര ചടങ്ങുകൾ ഇന്നുതന്നെ നടത്തുന്നത്.

മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകള്‍ ഐ.വി.ശശി സംവിധാനം ചെയ്തിട്ടുണ്ട്. അതിരാത്രം, മൃഗയ, ഇന്‍സ്‌പെക്ടര്‍ ബെല്‍റാം, ഇതാ ഇവിടെ വരെ, അവളുടെ രാവുകള്‍, ദേവാസുരം തുടങ്ങി 150ഓളം സൂപ്പർഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം മലയാളത്തിന് സംഭാവന ചെയ്തത്. 2009ൽ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് ഐ.വി.ശശിയുടെ അവസാന സംവിധാന സംരംഭം.

ഇരുപ്പം വീട് ശശിധരൻ എന്നാണ് ഐ.വി.ശശിയുടെ മുഴുവൻ പേര്. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയ ശേഷമാണ് സിനിമയിലെത്തിയത്. കലാ സം‌‌വിധായകനായിട്ടായിരുന്നു ഐ.വി.ശശി തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. 1968ല്‍ എ.വി.രാജിന്റെ ‘കളിയല്ല കല്യാണം’ എന്ന സിനിമയില്‍ ആയിരുന്നു ഇത്. പിന്നീട് നിരവധി ചിത്രങ്ങളിൽ സഹ സം‌വിധായകനായി പ്രവർത്തിച്ച അദ്ദേഹം 27-ാം വയസ്സിൽ ‘ഉത്സവം’ എന്ന ചിത്രം ആദ്യമായി സംവിധാനം ചെയ്തു. ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ പേര് ചേർത്തിരുന്നില്ലെങ്കിലും ആദ്യം സം‌വിധാനം ചെയ്ത ചിത്രം ശ്രദ്ധിക്കപ്പെട്ടു.

ആലപ്പി ഷെറീഫിന്, പത്മരാജന്‍, എം.ടി.വാസുദേവന്‍ നായര്‍, ടി.ദാമോദരന്‍ എന്നിവരുടെ തിരക്കഥകളാണ് ഐ.വി.ശശി കൂടുതലായി ചലച്ചിത്രങ്ങളാക്കിയതും ഹിറ്റാക്കിയതും. 1982 ല്‍ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിുള്ള ദേശീയ അവാര്‍ഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവ സ്വന്തമാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Iv sasi funeral wednesday evening chennai