കോഴിക്കോട്: അന്തരിച്ച സംവിധായകൻ ഐ.വി.ശശിയുടെ സംസ്കാരം കോഴിക്കോട് നടത്തണമെന്ന് സംവിധായകൻ രഞ്ജിത് ആവശ്യപ്പെട്ടു. ബന്ധുക്കൾ സമ്മതിച്ചാൽ കോഴിക്കോട് സംസ്കാരം നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കാൻ തയാറാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെന്നും രഞ്ജിത് വ്യക്തമാക്കി.
ചെന്നൈ സാലിഗ്രാമത്തില്‍ ഉള്ള വസതിയില്‍ 11 മണിയോടെയായിരുന്നു ഐ.വി.ശശിയുടെ അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഭാര്യ സീമയാണ് മരണവിവരം അറിയിച്ചത്.
വാണിജ്യ സിനിമകളിൽ പുതുവഴി തെളിച്ച ഐ.വി.ശശി നടൻമാരെ സൂപ്പർ താരങ്ങളാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച സംവിധായകനാണ്. ദേശീയ പുരസ്കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സർക്കാർ 2015ൽ ജെ.സി.ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.