സ്ത്രീ പീഡനക്കുറ്റത്തിൽ കോൺഗ്രസിന്റെ കോവളം എംഎൽഎ പിടിയിലായതിന് പിന്നാലെ തൃശ്ശൂർ പാവറട്ടിയിൽ മരിച്ച വിനായകനെന്ന ദളിത് യുവാവിന് നീതി ആവശ്യപ്പെട്ടുള്ള പ്രചാരണം ശക്തമാകുന്നു. വിനായകനെ കൊന്നതാണ് (#It’sMurder) എന്ന ഹാഷ്ടാഗ് കാംപെയ്നാണ് ശക്തമാകുന്നത്.

ദളിത് യുവാവായ, വെറും 19 വയസ് മാത്രം പ്രായമുണ്ടായിരുന്ന എങ്ങണ്ടിയൂര്‍ കണ്ടന്‍ ഹൗസില്‍ കൃഷ്ണന്റെ മകന്‍ വിനായകാണ് (19) ആത്മഹത്യ ചെയ്തത്. ഒരു സുഹൃത്തിനൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് വിട്ടയക്കപ്പെട്ടെങ്കിലും വിനായകൻ ആത്മഹത്യ ചെയ്ത ശേഷമാണ് പൊലീസുദ്യോഗസ്ഥർ നടത്തിയ ക്രൂര പീഡനത്തിന്റെ വാർത്തകൾ പുറത്തുവന്നത്.

“വിനായകന്റെ കാര്യത്തിൽ പോലീസും പാർട്ടിയും കാണിക്കുന്നത് തികഞ്ഞ ധിക്കാരമാണ്. ഈ വിഷയം തമസ്കരിക്കപ്പെടാൻ അനുവദിക്കരുത്”, എന്ന് ട്രാൻസ്ജെന്റർ ആക്ടിവിസ്റ്റായ ശീതൾ ശ്യാം ഫെയ്സ്ബുക്കിൽ കുറിച്ചു. ശീതളിന്റെതടക്കം ഈ വിഷയത്തിൽ വന്ന ചില ഫെയ്സ്ബുക്ക് പോസ്റ്റുകൾ.

രേഖകളില്ലാതെ വാഹനം ഓടിച്ചതിനാണ് പൊലീസ് വിനായകനെ കസ്റ്റഡിയിലെടുത്തതെന്നാണ് ആദ്യം ഉയർന്ന ഔദ്യോഗിക വിശദീകരണം. പിന്നീട് പിതാവിനെ വിളിച്ചുവരുത്തി വിനായകനെ വിട്ടയച്ചുവെന്നാണ് പൊലീസ് ഇതിൽ ആദ്യം നൽകിയ വിശദീകരണം.

എന്നാൽ വിനായകന് ജനനേന്ദ്രിയത്തിൽ അടക്കം മർദ്ദനമേറ്റതായി പിന്നീട് വാർത്തകൾ പുറത്തുവന്നു. ഇദ്ദേഹത്തിന്റെ മുടി പൊലീസ് പിടിച്ചുപറിച്ചെന്നും ഇരു മുലക്കണ്ണുകളും ഞെരിച്ച് പൊട്ടിച്ചെന്നും വാർത്തകൾ പുറത്തുവന്നു. പൊലീസ് മർദ്ദനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് ആരോപിച്ച ബന്ധുക്കളും സുഹൃത്തുക്കളും രംഗത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.

സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി അസിസ്റ്റന്റ് കമ്മിഷണർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സിപിഒ മാരായ ശ്രീജിത്ത്, സാജൻ എന്നിവരെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തതിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു.

ഇതിനിടെയാണ് സോഷ്യൽ മീഡിയ വിനായകന് നീതി തേടി രംഗത്ത് എത്തിയിരിക്കുന്നത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടുണ്ടെന്നും, വിനായകന് നീതി ലഭ്യമാക്കണമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണങ്ങളിൽ ആവശ്യപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ