കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപും പള്‍സര്‍ സുനിയുമാണ് മുഖ്യസൂത്രധാരകരെന്ന് പൊലീസ് വ്യക്തമാക്കി. കാവ്യയുമായുളള ബന്ധം പ്രചരിപ്പിച്ചതായിരുന്നു ദിലീപിന് നടിക്കെതിരെ വൈരാഗ്യം ഉണ്ടാവാന്‍ കാരണമായതെന്ന് റിമാന്റ് റിപ്പോര്‍ട്ട് ഉദ്ദരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ദിലീപും കാവ്യയും നടിയും പങ്കെടുത്ത പരിപാടിക്കിടെയാണ് ഇത് സംബന്ധിച്ച പ്രശ്നങ്ങളുണ്ടായത്. പിന്നാലെ മഞ്ജു വാര്യരുമായുണ്ടായ വിവാഹബന്ധത്തില്‍ വിളളലുണ്ടാകുകയും ചെയ്തു. ഇത് ദിലീപിനെ ചൊടിപ്പിക്കുകയും പള്‍സര്‍ സുനിക്ക് നേരിട്ട് ക്വട്ടേഷന്‍ നല്‍കാന്‍ ദിലീപ് തന്നെ മുന്‍കൈ എടുത്തെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന.

ഒന്നരക്കോടി വാഗ്ധാനം ചെയ്ത ദിലീപ് സുനിയുമായി തന്റെ ബിഎംഡബ്ല്യു കാറിലും കൊച്ചിയിലെ ഹോട്ടലിലും വെച്ചാണ് ഗൂഢാലോചന നടത്തിയത്. നടിയെ ആക്രമിച്ച് മൂന്ന് മിനുറ്റ് ദൈര്‍ഘ്യമുളള വീഡിയോ പകര്‍ത്തണമെന്നും വീഡിയോയില്‍ നടിയുടെ വിവാഹനിശ്ചയ മോതിരം പതിയണമെന്നും ദിലീപ് നിര്‍ദേശം നല്‍കി. കൂടാതെ നടി ചിരിച്ചു നില്‍ക്കുന്ന ഭാഗങ്ങളും ദൃശ്യങ്ങളില്‍ വേണമെന്നും സുനിയോട് പറഞ്ഞു. നടിയെ ഭീഷണിപ്പെടുത്തി ചിരിപ്പിച്ച് സ്വാഭാവികമായ രീതിയില്‍ വീഡിയോ പകര്‍ത്തണമെന്നും ദിലീപ് സുനിയോട് പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു.

നടിയുടെ വിവാഹം മുടങ്ങി കാണാൻ മാഡവും മാഡത്തിന്റെ കുടുംബവും നടത്തിയ പദ്ധതിയായിരുന്നു ക്വട്ടേഷൻ എന്ന് നേരത്തേ സുനി സമ്മതിച്ചിരുന്നു. എന്നാല്‍ അന്ന് ദിലീപിന്റെ പേര് പറഞ്ഞിരുന്നില്ല. പ്രതി ശ്രുത വരൻ നടിയുടെ വിരലിൽ അണിയിച്ച മോതിരം ഉയർത്തി കാട്ടി നടിയുടെ അശ്ലീലകരമായ വീഡിയോ പുറത്തായാല്‍ നടിയുടെ വിവാഹം മുടങ്ങും എന്നായിരുന്നു ദിലീപിന്റെ കണക്കുകൂട്ടല്‍. എന്നാൽ പൾസർ ഇത് സ്വന്തമായ ബ്ലാക്ക്മെയിലിങ്ങിനും ഉപയോഗിച്ചു.

അപമാനിതയായ നടി ഗ്ലാമർ പോകുന്നത് ഓർത്ത് എല്ലാം ഒളിപ്പിച്ച് വയ്ക്കും എന്നായിരുന്നു ധാരണ. എന്നാല്‍ നടി പോലീസില്‍ പരാതിപ്പെട്ടതോടെ കാര്യങ്ങള്‍ പ്രതികളുടെ പിടിയില്‍ നിന്നു വഴുതിപ്പോവുകയായിരുന്നു. നിര്‍മാതാവ് ആന്റോ ജോസഫും പി.ടി തോമസ് എംഎല്‍എയും സ്ഥലത്തെത്തിയതും വിഷയത്തിനു പ്രാധാന്യമേകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ