കൊച്ചി: ടിഎ-ഡിഎ ഇനത്തിൽ വൻതുക കൈപ്പറ്റിയെന്ന വിവാദത്തിൽ വിശദീകരണവുമായി എംബി രാജേഷ് എംപി. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഇംഗ്ലീഷിൽ അദ്ദേഹം ടൈംസ് നൗ വാർത്തയ്ക്ക് എതിരെ വിശദീകരണം നൽകിയത്. താൻ കൈപ്പറ്റിയത് ആറ് ലക്ഷം രൂപ മാത്രമാണെന്നും ഇതൊന്നും സ്വകാര്യ ആവശ്യത്തിന് ആയിരുന്നില്ലെന്നുമാണ് എംപി കുറിച്ചിരിക്കുന്നത്.

ടൈംസ് നൗ വാർത്ത കല്ലുവെച്ച നുണയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതെന്നും എംബി രാജേഷ് പറഞ്ഞു.

ടിഎ-ഡിഎ ഇനത്തിൽ 30.27 ലക്ഷം രൂപ എംബി രാജേഷിന് ലഭിച്ചെന്നായിരുന്നു വാർത്ത. എന്നാൽ താൻ കൈപ്പറ്റിയത് 6.28 ലക്ഷം മാത്രമാണെന്നും ബാക്കി 24 ലക്ഷം രൂപ വിമാനടിക്കറ്റ് ഇനത്തിൽ വിമാനക്കന്പനികൾക്ക് കേന്ദ്ര സർക്കാർ നേരിട്ട് നൽകുകയായിരുന്നുവെന്നും എംബി രാജേഷ് കുറിച്ചു. ഈ തുകയിൽ 60 ശതമാനവും എയർ ഇന്ത്യക്കാണ് ലഭിച്ചതെന്നും എംപി വിശദീകരിച്ചു.

പാർലമെന്റ് സെക്രട്ടേറിയേറ്റിന് സമർപ്പിക്കുന്ന യാത്രാ രേഖകൾ പരിശോധനയ്ക്ക് ശേഷമാണ് അംഗീകരിക്കപ്പെടാറുള്ളതെന്നും പാർലമെന്റംഗം എന്ന നിലയിൽ തന്റെ ഒരു ടിക്കറ്റ് പോലും ഇതുവരെ പാർലമെന്റ് സെക്രട്ടേറിയേറ്റ് തള്ളിയിട്ടില്ലെന്നും എംപി വിശദീകരിച്ചു.

തന്റെ എല്ലാ യാത്രകളും പാർലമെന്റേറിയൻ എന്ന നിലയിലായിൽ ജനങ്ങൾക്ക് വേണ്ടിയായിരുന്നുവെന്നും, ജനങ്ങളോടുള്ള ബാധ്യത നിറവേറ്റാൻ താൻ ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ടെന്നും എംബി രാജേഷ് എംപി കുറിച്ചു. ഇത് സംബന്ധിച്ച് രേഖകളും എംപി ഫെയ്സ്ബുക്ക് കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

“എന്റെ ഭാര്യയ്ക്ക് അനുവദിച്ചിട്ടുള്ള വിമാനടിക്കറ്റ് ഇതുവരെ വാങ്ങിയിട്ടില്ല. ഈ ആനുകൂല്യങ്ങൾ എല്ലാ എംപിമാർക്കും വാങ്ങാവുന്നതാണ്. എല്ലാ എംപിമാരുടെയും രേഖകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉയർത്തിയുള്ള വേട്ടയാണ് തനിക്കെതിരെ നടത്തുന്നത് എന്ന് ടൈംസ് നൗ റിപ്പോർട്ടിൽ നിന്ന് തന്നെ വ്യക്തമാണ്.” എംപി കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ