ന്യൂഡൽഹി: ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി. ചാരക്കേസ് അന്വേഷിച്ച മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ എസ്‌പിമാരായ കെ.കെ.ജോഷ്വ, എസ്.വിജയൻ എന്നിവരിൽനിന്നുമാണ് നഷ്ടപരിഹാരം ഈടാക്കേണ്ടത്. നമ്പി നാരായണനെ അനാവശ്യമായി അറസ്റ്റ് ചെയ്തു പീഡിപ്പിച്ചുവെന്നും കോടതി വ്യക്തമാക്കി. ഈ കേസിൽ നമ്പിനാരായണനെ ബോധപൂർവ്വം കുടുക്കിയതാണോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ  എന്ന് പരിശോധിക്കാൻ  അന്വേഷണ കമ്മീഷനെ നിയമിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. സുപ്രീംകോടതി മുൻ ജഡ്ജി  അധ്യക്ഷനായ സമിതി അന്വേഷിക്കണം. ഇതിലെ ബാക്കി അംഗങ്ങളെ  കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക്  നിയോഗിക്കാം. കമ്മീഷന്റെ ചെലവ് കേന്ദ്ര സർക്കാർ വഹിക്കണമെന്നും  കോടതി പറഞ്ഞു. മുൻ സുപ്രീം കോടതി ഡി കെ ജയിൻ അധ്യക്ഷനായ സമിതിയായിരിക്കും ഇത് അന്വേഷിക്കുക.

ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വിധി പറഞ്ഞത്. രണ്ട് ദശകത്തോളം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് ഉന്നത നീതിപീഠത്തിൽ നിന്നും വിധി വരുന്നത്.

അവരാണ് യഥാർത്ഥ ചാരന്മാർ: നമ്പി നാരായണന്റെ ആത്മകഥയിലെ ഭാഗം ഇവിടെ വായിക്കാം

നമ്പി നാരായണന് നൽകേണ്ട നഷ്ടപരിഹാര തുക അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്ന്  സുപ്രീം കോടതി കേസിൽ വാദം കേൾക്കുന്നതിനിടെ പറഞ്ഞിരുന്നു. 2012 ലാണ് കോളിളക്കം സൃഷ്ടിച്ച ഐഎസ്ആർഒ ചാരക്കേസിൽ തെളിവുകളുടെ അഭാവത്തിൽ നമ്പി നാരായണനെ കേരള ഹൈക്കോടതി വെറുതെ വിട്ടത്. നമ്പി നാരായണന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരവും വിധിച്ചിരുന്നു.

ഐ എസ് ആർ ഒ ചാരക്കേസിൽ കേരളാ പൊലീസും ഐബിയും മൂന്നാം മുറ പ്രയോഗിച്ചുവെന്ന് കേസ് അന്വേഷിച്ച  സി ബി ഐ മുൻ ഐജിയുടെ വെളിപ്പെടുത്തൽ 

കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണൻ മാലി സ്വദേശിയായ മറിയം റഷീദ വഴി ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങൾ ചോര്‍ത്തി എന്നായിരുന്നു ചാരക്കേസ്. കേസ് അന്വേഷിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് നമ്പി നാരായണൻ സമർപ്പിച്ച ഹർജി ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ഇതേതുടർന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്.

കസ്റ്റഡിയിലിരിക്കെ നമ്പി നാരായണന് മാനസികവും ശാരീരികവുമായി പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് സിബിഐ അറിയിച്ചിരുന്നു. ഉന്നത സ്ഥാനത്ത് ഇരുന്ന ശാസ്ത്രജ്ഞനും നല്ല വ്യക്തിത്വത്തിന് ഉടമയുമായ നമ്പി നാരായണനെ സംശയത്തിന്റെ നിഴലിൽ നിർത്തിയത് ഗൗരവമേറിയ കാര്യമാണെന്ന് കോടതി വാദം കേൾക്കുന്നതിനിടെ പറഞ്ഞിരുന്നു.

ഋഷിരാജ് സിങ്ങിന് വാടക വീടന്വേഷിച്ചപ്പോൾ കിട്ടിയത്; ഐഎസ്ആർഒ ചാരക്കേസിനെ കുറിച്ച് സെൻകുമാർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook