തിരുവനന്തപുരം: തിരുവനന്തപുരം: നമ്പി നാരാ‍യാണന് നഷ്ട പരിഹാരം നൽകേണ്ടത് കോൺഗ്രസ് നേതാക്കളാണെന്ന് മന്ത്രി ഇ.പി ജയരാജൻ. കരുണാകരനെ പുറത്താക്കാൻ നടത്തിയ ഗൂഡാലോചനയാണ് ചാരക്കേസ് എന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. സുപ്രിംകോടതി വിധി പരിശോധിച്ച് നിയമാനുസൃത നടപടി സ്വീകരിക്കും. നഷ്ടപരിഹാരത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതിന് പിന്നിൽ അഞ്ച് നേതാക്കളാണ് പ്രധാന പങ്ക് വഹിച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും  മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ വ്യക്തമാക്കി. എന്നാൽ പേരുകൾ പരസ്യമായി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും ജുഡീഷ്യൽ അന്വേഷണം വന്നാൽ കമ്മിഷന് മുമ്പാകെ ഇക്കാര്യം പറയുമെന്നും അവർ പറഞ്ഞു.

ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടതോടെ കെ.കരുണാകരന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടെന്ന് കെ.മുരളീധരനും പ്രതികരിച്ചു.

“ചാരക്കേസിന്റെ ഉന്നം നമ്പി നാരായണനായിരുന്നില്ല. ലക്ഷ്യം കെ.കരുണാകരനായിരുന്നു. അന്ന് ഞങ്ങളുടെ അമ്മ മരിച്ച സമയമായിരുന്നു. അച്ഛൻ മാനസികമായി തകർന്നിരിക്കുകയായിരുന്നു. ഈ ഘട്ടത്തിൽ ഒപ്പം നിന്നവരടക്കമാണ് കെ.കരുണാകരനെ ആക്രമിച്ചത്. മാനസികമായി തകർന്ന ഘട്ടമായതിനാലാണ് അച്ഛൻ തോറ്റുപോയത്. അല്ലെങ്കിൽ അദ്ദേഹത്തെ തളർത്താൻ സാധിക്കില്ലായിരുന്നു,” പത്മജ പറഞ്ഞു.

“ഉമ്മൻ ചാണ്ടിയുടെ പേര് പരസ്യമായി പറയാൻ ആഗ്രഹിക്കുന്നില്ല,” എന്ന് പത്മജ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. “ജുഡീഷ്യൽ അന്വേഷണം മൂന്ന് ഉദ്യോഗസ്ഥരിൽ നിൽക്കില്ല. അന്വേഷിച്ച് പിടിച്ച് വരുമ്പോൾ എന്റെയടുത്തേക്ക് എത്തും. അപ്പോൾ രാഷ്ട്രീയ ഗൂഢാലോചന നടത്തിയ വ്യക്തികളുടെ പേര് പറയും. ഇക്കാര്യം സഹോദരനുമായും പാർട്ടി നേതാക്കളുമായും കൂടിയാലോചിക്കും,” അവർ വ്യക്തമാക്കി.

ഇതൊരു തുടക്കം മാത്രമാണ്. ഇതിന്റെ പിന്നിലെ രാഷ്ട്രീയ നീക്കങ്ങള്‍ പുറത്ത് വരണം. ഇപ്പോള്‍ സുരക്ഷിതരെന്ന് കരുതിയിരിക്കുന്ന പലരും അന്വേഷണത്തില്‍ പുറത്തു വരുമെന്ന് പത്മജ പറഞ്ഞു. നീതി നടപ്പാകും എന്നതിന്റെ തെളിവാണ് വിധിയെന്നും പത്മജ പറഞ്ഞു.

നമ്പി നാരായണന് ലഭിക്കുന്ന നീതി കെ.കരുണാകരന് കൂടി ലഭിക്കുന്ന നീതിയാണെന്നും പത്മജ പറഞ്ഞു. പല കാര്യങ്ങളും തുറന്ന് പറയാന്‍ പറ്റാത്ത സാഹചര്യമായിരുന്നു പിതാവ് നേരിട്ടത്. അദ്ദേഹം രാഷ്ട്രത്തേയും പാര്‍ട്ടിയേയും ഏറെ സ്നേഹിച്ചിരുന്നു. എന്നിട്ടും ഒരു രാജ്യദ്രോഹിയായാണ് അദ്ദേഹത്തെ കണ്ടത്. അതില്‍ വിഷമം ഉണ്ട്. പിതാവ് ചെയ്തത് ശരിയാണെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും പത്മജ പറഞ്ഞു.

“സുപ്രീം കോടതിയുടെ മേൽനോട്ടം ഉണ്ടാകുമെന്നത് ആശ്വാസകരമാണ്,” മുരളീധരൻ പറഞ്ഞു. “ഇന്ന് വന്ന വിധി സ്വാഗതാർഹമാണ്. ചാരക്കേസ് എന്ന നിഗമനത്തിലേക്ക് ഉദ്യോഗസ്ഥർ എങ്ങിനെ വന്നെന്ന് തെളിയിക്കപ്പെടണം. ഗൂഢാലോചന നടന്നെന്ന കാര്യത്തിൽ തെളിവാണ് പ്രധാനം. മൂന്ന് ഉദ്യോഗസ്ഥരുടെ അന്വേഷണം തെറ്റാണെന്ന് തെളിഞ്ഞു. എന്തെങ്കിലും ഗൂഢാലോചനയുണ്ടെങ്കിൽ ജുഡീഷ്യൽ അന്വേഷണത്തിൽ തെളിയും,” മുരളീധരൻ പറഞ്ഞു.

കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നിൽ പി.വി.നരസിംഹറാവുവാണ്. ബാബ്റി മസ്ജിദ് കേസിൽ നരസിംഹറാവുവിനെ വിമർശിച്ചതാണ് കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനിച്ചത്. രാജിവച്ച കെ.കരുണാകരനെ നരസിംഹറാവു ചതിക്കുകയായിരുന്നു. ബാക്കിയുളള ഗൂഢാലോചനയെ കുറിച്ച് പറയാൻ എന്റെ പക്കൽ തെളിവില്ല. ഊഹാപോഹങ്ങളെ കുറിച്ച് പറയാൻ താനില്ലെന്നും മുരളീധരൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.