കൊച്ചി: ഐഎസ്ആർഒ ചാരക്കേസിൽ മുൻ ഡിജിപി സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി നീട്ടി. ഒക്ടോബർ 27 വരെയാണ് നീട്ടിയത്. മുൻകൂർ ജാമ്യവ്യവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിബി മാത്യൂസ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് കെ.ഹരിപാലിൻ്റെ ഉത്തരവ്.
തിരുവനന്തപുരം സെഷൻസ് കോടതി ഓഗസ്റ്റ് 24ന് സിബി മാത്യൂസിന് രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. രണ്ട് മാസത്തെ കാലാവധി തീരുന്ന മുറക്ക് വിചാരണക്കോടതിയിൽ ഹാജരായി ജാമ്യമെടുക്കണമെന്നും നിർദേശിച്ചിരുന്നു.
ജാമ്യത്തിലെ ഈ വ്യവസ്ഥ സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണെന്നും വിചാരണ തീരും വരെയാണ് സാധാരണ ജാമ്യം അനുവദിക്കാറെന്നും ചൂണ്ടിക്കാട്ടിയാണ് സിബി മാത്യൂസ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ ഒന്നാം പ്രതിയടക്കമുള്ളവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും ബോധിപ്പിച്ചു.
കേസിൽ നാലാം പ്രതിയാണ് സിബി മാത്യൂസ്. ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് സിബിഐ ചുമത്തിയിട്ടുള്ളത്.
Also Read: സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്