കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ പ്രതി ചേര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥരായ ആറു പ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഗുജറാത്ത് മുന്‍ എഡിജിപി ആര്‍ബി ശ്രീകുമാറും മുന്‍ കേരള ഡിജിപി സിബി മാത്യൂസും ഉള്‍പ്പെടെ മുന്‍ പൊലീസ്, ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജനുവരി 27 ന് രാവിലെ 10 നും 11 നും ഇടയില്‍ പ്രതികള്‍ സിബിഐക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
വ്യാജമായ കേസില്‍ പ്രമുഖ ശാസ്ത്രജ്ഞരെ കുടുക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സിബിഐയുടെ കേസ്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സിബിഐ വാദിച്ചു. ചാരക്കേസ് ഗൂഢാലോചനയില്‍ വിദേശ ശക്തികള്‍ക്കു പങ്കുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു.
2021ല്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകള്‍ 2022 ഡിസംബറില്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കേസില്‍ വീണ്ടും വാദം കേട്ട് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം എടുക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി കേസ് ഹൈക്കോടതിയിലേക്കു തിരിച്ചയച്ചു.