scorecardresearch

ഐഎസ്ആര്‍ഒ ചാരക്കേസ്: പ്രതികളുടെ ജാമ്യ ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതി

ചാരക്കേസില്‍ പ്രതിയാക്കപ്പെട്ട മുന്‍ പോലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരുമാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്

ഐഎസ്ആര്‍ഒ ചാരക്കേസ്: പ്രതികളുടെ ജാമ്യ ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതി

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരുടെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസില്‍ രണ്ടാം തവണയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷകരില്‍ ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നത്. 2021-ല്‍ ഹൈക്കോടതി പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നെങ്കിലും കഴിഞ്ഞയാഴ്ച സുപ്രീം കോടതി ഈ ഉത്തരവ് റദ്ദാക്കുകയും വിഷയം വീണ്ടും പരിഗണിക്കാന്‍ ഹര്‍ജികള്‍ ഹൈക്കോടതിയിലേക്ക് തിരിച്ചയക്കുകയുമായിരുന്നു. കേസില്‍ പ്രതികളുടെ വ്യക്തിഗത പങ്ക്, ആരോപണങ്ങളുടെ സ്വഭാവം എന്നിവ ഹൈക്കോടതി പരിഗണിച്ചിട്ടില്ലെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ പ്രതികള്‍ക്കെതിരേ മറ്റുനടപടികള്‍ പാടില്ലെന്നും സിബിഐയ്ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചാരക്കേസില്‍ പ്രതിയാക്കപ്പെട്ട മുന്‍ പോലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരുമാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യഹര്‍ജിയില്‍ കോടതിയുടെ ഇടക്കാല ഉത്തരവിനെ അടിസ്ഥാനമാക്കി സിബിഐ തുടര്‍നടപടികളിലേക്ക് നീങ്ങിയേക്കും. ജാമ്യം നിഷേധിക്കപ്പെട്ടാല്‍ പ്രതികളുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് സിബിഐ നീങ്ങിയേക്കും. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരേ നേരത്തെ സുപ്രീംകോടതിയില്‍ പോയ സിബിഐ അതേ നിലപാട് തന്നെ ഹൈക്കോടതിയിലും സ്വീകരിച്ചേക്കാം. കേസില്‍ വിശദമായ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡയില്‍ വേണമെന്നും സിബിഐ ആവശ്യപ്പെട്ടേക്കും.

കേസ് ഇന്ന് ജസ്റ്റിസ് വിജു എബ്രഹാമിന്റെ മുമ്പാകെ വന്നപ്പോള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ചീഫ് ജസ്റ്റിസിന് മുമ്പാകെ വയ്‌ക്കേണ്ടതുണ്ടെന്നും ഏത് ജഡ്ജി വേണമെന്ന് അദ്ദേഹത്തിന് തീരുമാനിക്കാമെന്നും എല്ലാ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കാനുള്ള അധികാരപരിധി അദ്ദേഹത്തിനാണെന്നും ചൂണ്ടിക്കാട്ടി.ചീഫ് ജസ്റ്റിസ് അത് തനിക്ക് തിരികെ നല്‍കുകയാണെങ്കില്‍, ഹര്‍ജികള്‍ വിശദമായി പരിഗണിക്കാന്‍ വരുന്ന ശനിയാഴ്ച പ്രത്യേക സിറ്റിങ് വിളിക്കുമെന്ന് ജസ്റ്റിസ് എബ്രഹാം പറഞ്ഞു.

ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി ശ്രീകുമാര്‍ ഉള്‍പ്പെടെ മുന്‍ ഡെപ്യൂട്ടി സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ പി എസ് ജയപ്രകാശ്, മുന്‍ കേരള പോലീസ് ഓഫീസര്‍മാരായ എസ് വിജയന്‍, തമ്പി എസ് ദുര്‍ഗാ ദത്ത് എന്നിവരാണ് മുന്‍കൂര്‍ ജാമ്യപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Isro conspiracy four accused kerala high court seeking anticipatory bail supreme court order