scorecardresearch
Latest News

സംസ്കൃതവും ഉപനിഷിത്തുകളും പഠിപ്പിച്ച് ഒരു ഇസ്ലാമിക് സ്ഥാപനം; മാതൃകയായി അസാസ്

ഭഗവദ് ഗീത, ഉപനിഷത്തുകൾ മുതലായവ ശരിയായി പഠിപ്പിക്കാൻ സാധിക്കുന്ന അധ്യാപകരെ കണ്ടെത്തുന്നതാണ് ഇവർ നേരിടുന്ന വെല്ലുവിളി

സംസ്കൃതവും ഉപനിഷിത്തുകളും പഠിപ്പിച്ച് ഒരു ഇസ്ലാമിക് സ്ഥാപനം; മാതൃകയായി അസാസ്

‘ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു, ഗുരുർ ദേവോ മഹേശ്വര, ഗുരുർ സാക്ഷാത് പരം ബ്രഹ്മ, തസ്മൈ ശ്രീ ഗുരവേ നമഃ.’ ഏത് ഉറക്കത്തിൽ ചോദിച്ചാലും സംസ്കൃതത്തിൽ ഉത്തരം നൽകാൻ തയ്യാറാണ് തൃശൂർ ജില്ലയിലെ മാലിക് ദീനാർ ഇസ്‌ലാമിക് കോംപ്ലക്‌സ് (എംഐസി) നടത്തുന്ന അക്കാദമി ഓഫ് ശരിയ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ(അസാസ്) കുട്ടികൾ. ലോകഭാഷകളിൽ തന്നെ മാതൃസ്ഥാനമാണ് സംസ്കൃതത്തിന് ഇവർ നൽകിയിരിക്കുന്നത്.

അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള സംഭാഷണങ്ങൾ പോലും സംസ്കൃതത്തിൽ തന്നെയാണ് നടത്തുന്നത്. വിദ്യാർത്ഥികളിൽ മറ്റ് മതങ്ങളെക്കുറിച്ചുള്ള അറിവും അവബോധവും വളർത്തിയെടുക്കുകയാണ് സംസ്‌കൃതം, ഉപനിഷത്തുകൾ, പുരാണങ്ങൾ മുതലായവ പഠിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യമെന്ന് മാലിക് ദീനാർ ഇസ്‌ലാമിക് കോംപ്ലക്‌സ് (എംഐസി) നടത്തുന്ന അക്കാദമി ഓഫ് ശരിയ ആൻഡ് അഡ്വാൻസ്‌ഡ് സ്റ്റഡീസിന്റെ (അസാസ്) പ്രിൻസിപ്പൽ ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറയുന്നു. ഫൈസിയുടെ സ്വന്തം അക്കാദമിക് പശ്ചാത്തലമാണ് സംസ്കൃതം പഠിപ്പിക്കുന്നതിന് പിന്നിലെ മറ്റൊരു കാരണം. ഫൈസി ശങ്കരദർശനം പഠിച്ചയാളാണ്.

“അതു കൊണ്ട് തന്നെ വിദ്യാർത്ഥികൾ മറ്റ് മതങ്ങളെയും അവരുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും കുറിച്ച് അറിയണമെന്ന് എനിക്ക് തോന്നി. എന്നാൽ സംസ്കൃതത്തെക്കുറിച്ചും ഉപനിഷത്തുകളെക്കുറിച്ചും ശാസ്ത്രങ്ങളെക്കുറിച്ചും വേദാന്തങ്ങളെക്കുറിച്ചും ആഴത്തിലുള്ള പഠനം എട്ട് വർഷത്തെ പഠന കാലയളവിൽ സാധ്യമാകില്ല,” അദ്ദേഹം പറഞ്ഞു. പകരം, ഇവയെക്കുറിച്ചുള്ള അടിസ്ഥാന അറിവ് നൽകി മറ്റൊരു മതത്തെക്കുറിച്ച് അവരിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ആശയമെന്ന് അദ്ദേ​ഹം പറഞ്ഞു.

10-ാം ക്ലാസ് പാസായ ശേഷം എട്ട് വർഷത്തിനിടയിൽ ഭഗവദ് ഗീത, ഉപനിഷത്തുകൾ, മഹാഭാരതം, രാമായണം എന്നിവയുടെ പ്രധാന ഭാഗങ്ങൾ സംസ്‌കൃതത്തിൽ പഠിപ്പിക്കുന്നു. കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നതിനാൽ ബിരുദ കോഴ്‌സിന് പുറമെ ഉറുദു, ഇംഗ്ലീഷ് തുടങ്ങിയ മറ്റ് ഭാഷകളും പഠിപ്പിക്കുന്നുണ്ട്.

“പഠിക്കാൻ ഏറെയുള്ളതിനാൽ അത് കൈകാര്യം ചെയ്യാൻ സാധിക്കുന്ന വിദ്യാർഥികളെയാണ് എടുക്കുന്നത്, അവർ കർശനമായി മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്നുണ്ട്. വിദ്യാർഥികൾക്കായി എൻട്രൻസ് പരീക്ഷ ഉണ്ട്,” അദ്ദേ​ഹം പറഞ്ഞു. അറബി ഭാഷ പോലെ തന്നെ സംസ്‌കൃതവും പഠിക്കാൻ തുടക്കത്തിൽ ബുദ്ധിമുട്ടായിരുന്നുവെന്നും എന്നാൽ തുടർച്ചയായി പഠിക്കുകയും പരിശീലിക്കുകയും ചെയ്യുമ്പോൾ അത് കാലക്രമേണ എളുപ്പമാകുമെന്ന് വിദ്യാർഥികളും അഭിപ്രായപ്പെട്ടു.

വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നോ മറ്റാരിൽ നിന്നോ എതിർപ്പില്ലെങ്കിലും, സംസ്‌കൃതം, ഭഗവദ് ഗീത, ഉപനിഷത്തുകൾ മുതലായവ ശരിയായി പഠിപ്പിക്കാൻ സാധിക്കുന്ന അധ്യാപകരെ കണ്ടെത്തുന്നതാണ് ഇവർ നേരിടുന്ന വെല്ലുവിളി. ഏഴ് ശാഖകളിൽ ഇവിടെ മാത്രമാണ് ഇത് പഠിപ്പിക്കുന്നതെന്നും സംസ്കൃതം പഠിക്കാൻ വിദ്യാർഥികളുടെ ഭാ​ഗത്തു നിന്നും മികച്ച പ്രതികരണമായിരുന്നെന്ന് ഫൈസി പറഞ്ഞു.

‘ഞാൻ ഒരു ഹിന്ദുവായതിനാൽ ഒരു അറബിക് സ്ഥാപനത്തിൽ പഠിപ്പിക്കുന്നതിൽ പ്രത്യേക കാഴ്ചപ്പാടുകൾ ഉണ്ടാകുമോ’ എന്ന് പ്രിൻസിപ്പൽ ആശങ്കപ്പെട്ടിരുന്നെന്ന് അധ്യാപകരിൽ ഒരാളായ കെ കെ യതീന്ദ്രൻ പറഞ്ഞു. താനിവിടെ പഠിപ്പിക്കാനാണ് വരുന്നതെന്നും അതിന് ഹിന്ദു, മുസ്ലിം എന്നൊന്നും ഇല്ലെന്നും അ​ദ്ദേഹം പറഞ്ഞു.

ഒരു ഭാഗത്തു നിന്നും നിഷേധാത്മകമോ നിരുത്സാഹപ്പെടുത്തുന്നതോ ആയ പരാമർശങ്ങൾ കേട്ടിട്ടില്ലെന്നും ഫൈസി.

“ഇതിനെക്കുറിച്ച് കേട്ടവരെല്ലാം അതിനെ പ്രശംസിക്കുകയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും മാത്രമാണ് ചെയ്‌തത്,” ഫൈസി കൂട്ടിച്ചേർത്തു.
കുട്ടികൾ ഇവിടെ വരുന്നതിന് മുൻപ് സംസ്കൃതം കേട്ടിട്ട് പോലുമില്ലായിരുന്നു എന്ന് മറ്റൊരു അധ്യാപകനായ ഡോക്ടർ രമേശ് പറഞ്ഞു.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിന്ന് സംസ്‌കൃത സാഹിത്യ വിഭാഗം പ്രൊഫസറായി വിരമിച്ച ഡോ.സി.എം നീലകണ്ഠൻ, കേരള യൂണിവേഴ്‌സിറ്റി സംസ്‌കൃത വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഷംസീർ പി.സി എന്നിവരാണ് മറ്റ് അധ്യാപകർ. സംസ്‌കൃത ക്ലാസുകളുടെ ദൃശ്യങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ മതപരമായ കാര്യങ്ങളിൽ ത‌ർക്കത്തിലേർപ്പെടുമ്പോൾ, ഈ സ്ഥാപനം തങ്ങളുടെ വിദ്യാർത്ഥികളെ അറബിക്കും ഖുറാനും കൂടാതെ സംസ്‌കൃതവും ഭഗവദ് ഗീതയും പഠിപ്പിച്ച് മാതൃകയാവുകയാണ്.

ഇസ്‌ലാമിനെക്കുറിച്ച് പഠിക്കേണ്ടത് പ്രധാനമാണെന്നും എന്നാൽ മറ്റ് മതങ്ങളെക്കുറിച്ചുള്ള അറിവും പ്രധാനമാണെന്നും അതും സംസ്‌കൃതം സിലബസിൽ ഉൾപ്പെടുത്താൻ കാരണമാണെന്നും ഇൻസ്റ്റിറ്റ്യൂട്ടിലെ കോ-ഓർഡിനേറ്റർമാരിലൊരാളായ ഹാഫിസ് അബൂബക്കർ പറഞ്ഞു.

“വിദ്യാർത്ഥികളെ അവരുടെ ചരിത്രത്തിലൂടെയും പുരാണങ്ങളിലൂടെയും മറ്റൊരു മതത്തെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും ഇത് സഹായിക്കും. നമ്മുടെ മതപരമായ വീക്ഷണങ്ങളെ അവരുടേതുമായി സമന്വയിപ്പിക്കാനും ഇത് സഹായിക്കും. ഒരു പുതിയ ഇന്ത്യക്ക് ഒരു പുതിയ തുടക്കം സൃഷ്ടിക്കാൻ അത് സഹായിക്കും. സംസ്‌കൃതം സിലബസിൽ ഉൾപ്പെടുത്തുന്നതിനു പിന്നിലെ ലക്ഷ്യവും അതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Islamic institute sets example by teaching sanskrit

Best of Express