ഐഎസ്എല്ലിലെ ഈ സീസണിൽ തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ ഗോൾമഴയുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും എഫ്സി ഗോവയും. ഗോൾമഴ പെയ്തെങ്കിലും സമനിലയിലാണ് മത്സരം അവസാനിച്ചത്. ഇരു ടീമുകളും നാല് വീതം ഗോളുകൾ നേടി.
ഗോവയ്ക്കായി ഐറം കബ്രേറ ഹാട്രിക്ക് നേടി. 49ാം മിനുറ്റിലും 63ാം മിനുറ്റിൽ പെനാൽറ്റിയിലും 82ാം മിനുറ്റിലും കബ്രേറ ഗോൾ നേടി. 79ാം മിനുറ്റിൽ ഐബാൻഭ ഡോളിങും ഗോൾ നേടി.
ബ്ലാസ്റ്റേഴ്സിന് വേണ്ടി ജോർജ് പെരെയ്ര ഡയസ് ഇരട്ട ഗോൾ നേടി. 10ാം മിനുറ്റിലും 25ാം മിനുറ്റിൽ പെനാൽറ്റിയിലുമായിരുന്നു ഗോളുകൾ. 88ാം മിനുറ്റിൽ വിൻസി ബറെറ്റോയും 90ാം മിനുറ്റിൽ ആൽവരോ വാസ്കസും ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടി.
ആദ്യ നാലിൽ ഇടം പിടിച്ച ബ്ലാസ്റ്റേഴ്സ് സെമി പ്രവേശനം ഉറപ്പിച്ചാണ് മത്സരത്തിനിറങ്ങിയത്.
സമനിലയോടെ 20 മത്സരങ്ങളിൽനിന്ന് 34 പോയിന്റുമായി നാലാം സ്ഥാനത്തോടെ ബ്ലാസ്റ്റേഴ്സ് സെമി ബെർത്തിൽ തുടർന്നു. എ20 മത്സരങ്ങളിൽനിന്ന് 19 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ഗോവ.
ജംഷധ്പൂർ എഫ്സി, ഹൈദരാബാദ് എഫ്സി, എടികെ മോഹൻ ബഗാൻ എന്നിവരാണ് പോയിന്റ് നിലയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. തിങ്കളാഴ്ച നടക്കാനിരിക്കുന്ന എടികെ മോഹൻ ബഗാൻ-ജംഷധ്പൂർ എഫ്സി മത്സരം മാത്രമാണ് ഇനി ലീഗ് ഘട്ടത്തിൽ അവശേഷിക്കുന്നത്. ഈ മത്സരത്തിന്റെ ഫലത്തോടെ സെമിയിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ആരാണെന്ന് അറിയാം.