കൊച്ചി: നഗരത്തിൽ വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ കൊച്ചിയിലേക്ക് എത്തുന്ന യാത്രക്കാർക്ക് ട്രാഫിക് പൊലീസിന്റെ മുന്നറിയിപ്പ്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 7.30 ന് നടക്കുന്ന കേരള ബ്ലാസ്റ്റേർസും ബെംഗലുരു എഫ് സിയും തമ്മിലുളള മത്സരവുമായി ബന്ധപ്പെട്ടാണ് തീരുമാനം.
ഇന്ന് ഉച്ചയ്ക്ക് ശേഷം കൊച്ചി നഗരത്തിലേക്ക് ഫുട്ബോൾ ആരാധകർ വലിയ തോതിൽ എത്തിച്ചേരുമെന്നാണ് കരുതുന്നത്. ഏറ്റവും ചുരുങ്ങിയത് 25000 പേരെ സ്റ്റേഡിയത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. തിരക്ക് ഗതാഗത കുരുക്കിന് കാരണമാകരുതെന്ന് ലക്ഷ്യമിട്ടാണ് നഗരത്തിൽ ട്രാഫിക് പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങിനെ
1. ബാനർജി റോഡിൽ ഇടപ്പള്ളി ബൈപ്പാസ് മുതൽ ഹൈക്കോടതി ജംങ്ഷൻ വരെയുള്ള ഭാഗത്ത് ചെറിയ വാഹനങ്ങൾക്കും സർവ്വീസ് ബസ്സുകൾക്കുമാണ് പ്രവേശനം. വലിയ വാഹനങ്ങൾക്ക് (കോൺട്രാക്ട് ക്യാരേജുകൾ, മറ്റ് ഭാരവാഹനങ്ങൾ) പ്രവേശനം വിലക്കിയിട്ടുണ്ട്. ഈ വാഹനങ്ങൾക്ക് ഇന്ന് ഉച്ചയ്ക്ക് 2 മണിമുതൽ പാലാരിവട്ടം മുതൽ ബാനർജി റോഡിലേക്ക് പ്രവേശിക്കാനാവില്ല. ബൈക്കുകളോ കാറുകളോ തുടങ്ങി ഒരു വാഹനവും ബാനർജി റോഡിൽ പാർക്ക് ചെയ്യാനും സാധിക്കില്ല.
2. കലൂർ സ്റ്റേഡിയത്തിന്റെ പ്രധാന ഗേറ്റ് മുതൽ സ്റ്റേഡിയം വരെയുള്ള റോഡിലും, സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡിലും, സ്റ്റേഡിയത്തിന് പിൻവശം മുതൽ കാരണക്കോടം വരെയുള്ള റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റില്ല.
3. മത്സരം കാണുന്നതിന് ചെറിയ വാഹനങ്ങളിൽ വരുന്നവർക്ക് പാലാരിവട്ടം റൗണ്ടിൽ നിന്ന് തമ്മനം റോഡിലേക്ക് പ്രവേശിച്ച് കാരണക്കോടം വഴി സ്റ്റേഡിയത്തിലേക്ക് എത്താം. വൈറ്റില ഭാഗത്ത് നിന്ന് വരുന്ന ചെറുവാഹനങ്ങൾ എസ്എ റോഡ് വഴി കടവന്ത്രയിലെത്തി ഇവിടെ നിന്ന് കതൃക്കടവ് വഴി കാരണക്കോടത്തേക്ക് വരണം. ഇവിടെ നിന്ന് സ്റ്റേഡിയത്തിന് പിൻഭാഗത്ത് എത്തി ചേർന്ന് കാരണക്കോടം സെന്റ് ജൂഡ് ചർച്ച് ഗ്രൗണ്ട്, ഐഎംഎ ഗ്രൗണ്ട് , സ്റ്റേഡിയത്തിന് പുറകുവശമുള്ള ജല അതോറിറ്റി ഗ്രൗണ്ട് എന്നിവിടങ്ങളിലും വലിയ വാഹനങ്ങൾ ഇടപ്പള്ളി-വൈറ്റില ദേശീയ പാതയുടെ ഇരുവശങ്ങളിലുമുള്ള സർവ്വീസ് റോഡുകളിലും സീപോർട്ട് എയർപോർട്ട് റോഡിലും കണ്ടെയ്നർ റോഡിലും വാഹന ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കാത്ത വിധത്തിൽ പാർക്ക് ചെയ്യണം.
4. വൈപ്പിൻ ഭാഗത്ത് നിന്നും ഹൈക്കോടതി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് സ്റ്റേഡിയത്തിന് മുൻവശത്തുളള പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാവുന്നതാണ്. വൈപ്പിൻ ചേരാനല്ലൂർ ഭാഗങ്ങളിൽ നിന്നുള്ള വലിയ വാഹനങ്ങൾ കളമശേരി പ്രീമിയർ ജംങ്ഷൻ, ഇടപ്പള്ളി ബൈപ്പാസ് ജംങ്ഷൻ എന്നിവിടങ്ങളിൽ ആളുകളെ ഇറക്കിയ ശേഷം കണ്ടെയ്നർ റോഡിൽ ആണ് പാർക്ക് ചെയ്യേണ്ടത്. യാത്രക്കാർ മെട്രോ-ബസ് സർവ്വീസുകൾ ഉപയോഗിച്ച് സ്റ്റേഡിയത്തിലേക്ക് വരണമെന്നും പൊലീസ് നിർദേശിച്ചു.
ബോൾഗാട്ടിയിൽ നിന്നും ഗോശ്രീ പാലം വഴി സർവ്വീസ് ബസ്സുകൾ ഒഴികെയുള്ള മറ്റ് യാതൊരു ഭാര വാഹനങ്ങളും തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ നനഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. നഗരത്തിലേക്ക് പ്രവേശനം അനുവദിക്കില്ല.
5. തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ആലുവ മണപ്പുറം, ആലുവ മെട്രോ സ്റ്റേഷൻ, കളമശ്ശേരി പ്രീമിയർ ജംങ്ഷൻ, ഇടപ്പള്ളി എന്നിവിടങ്ങളിൽ ആളുകളെ ഇറക്കി ആലുവ മണപ്പുറത്തോ, കണ്ടെയ്നർ ടെർമിനൽ റോഡിലോ ഗതാഗത തടസ്സം ഉണ്ടാക്കാതെ വാഹനങ്ങൾ പാർക്ക് ചെയ്യണം. ആലുവയിൽ നിന്നും കലൂർ സ്റ്റേഡിയത്തിലേക്ക് എത്താൻ മെട്രോ സർവ്വീസുകളെ ആശ്രയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
6. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ, കാണികളെ പാലാരിവട്ടം ജംങ്ഷനിൽ ഇറക്കിയ ശേഷം പാലാരിവട്ടം-കുണ്ടന്നൂർ ഭാഗത്ത് ദേശീയ പാതയുടെ ഇരുവശത്തുമുള്ള സർവ്വീസ് റോഡുകളിൽ പാർക്ക് ചെയ്യാനാണ് നിർദേശിച്ചിരിക്കുന്നത്.
7. കൊച്ചിയുടെ കിഴക്ക് ഭാഗത്ത് (ഇടുക്കി, കാക്കനാട്, മൂവാറ്റുപുഴ) നിന്നും വരുന്ന വാഹനങ്ങൾ പാലാരിവട്ടത്ത് ആളുകളെ ഇറക്കിയ ശേഷം ബൈപ്പാസ് ജംങ്ഷന് സമീപത്തെ സർവ്വീസ് റോഡുകളിൽ ഗതാഗതം തടസപ്പെടാതെ വാഗനം ഒതുക്കിവയ്ക്കണം.
8. മത്സരം കാണാനെത്തുന്നവരിൽ കാർ പാസുള്ളവരുടെ വാഹനങ്ങൾക്ക് മാത്രമാണ് സ്റ്റേഡിയത്തിന്റെ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാൻ അനുമതി ഉള്ളത്.
9. സ്റ്റേഡിയത്തിന് ചുറ്റുമുള്ള റിങ് റോഡിലേക്ക് വിഐപി വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം.
10. ഉച്ചയ്ക്ക് 03.30 ക്ക് ശേഷം വൈറ്റില, തമ്മനം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ തമ്മനം ജംങ്ഷനിൽ നിന്നും നേരെ സംസ്കാര ജംങ്ഷനിൽ എത്തി, പൈപ്പ് ലൈൻ റോഡിലൂടെ സ്റ്റേഡിയത്തിൽ പ്രവേശിക്കണം. തമ്മനം ജംങ്ഷനിൽ നിന്ന് കാരണക്കോടം ഭാഗത്തേക്ക് യാതൊരു വിധത്തിലുള്ള വാഹനങ്ങൾക്കും പ്രവേശനം അനുവദിക്കില്ല.
11. പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടക്കുന്ന തീയതികളിൽ രാത്രി 9.30 മുതൽ കതൃക്കടവ് ജംങ്ഷനിൽ നിന്നും തമ്മനം ജംങ്ഷനിൽ നിന്നും കാരണക്കോടം ജംങ്ഷനിലേക്കും വാഹന ഗതാഗതം വിലക്കിയിട്ടുണ്ട്.
12. കാരണക്കോടം ജംങ്ഷൻ മുതൽ സ്റ്റേഡിയത്തിന്റെ പുറക് വശം വരെയുള്ള നാല് വരി പാതയിൽ യാതൊരുവിധ വാഹനങ്ങൾക്കും മത്സരം നടക്കുന്ന ദിവസം ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി പത്ത് വരെ പാർക്കിങ് അനുവദിക്കില്ല.