കൊച്ചി: ലോക രാഷ്ട്രങ്ങൾക്കാകെ വെല്ലുവിളിയായി മാറിയിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് കേരളത്തിലും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവി കാസർകോട് സ്വദേശി മൊയ്നുദ്ദീനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എൻഐഎ യുടെ ചോദ്യം ചെയ്യലിലാണ് കേരളത്തിലെ മത നേതാക്കളെ ഉന്നമിട്ട് ആക്രമണ പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി മൊയ്നുദ്ദീന്റെ വെളിപ്പെടുത്തൽ. ഹിന്ദു, ജമാ അത്തെ ഇസ്ലാമി നേതാക്കൾക്കകെതിരെയാണ് ആക്രമണ പദ്ധതി ആസൂത്രണം ചെയ്തതായി അദ്ദേഹം പറഞ്ഞു. 2016 ൽ ജമാ അത്തെ ഇസ്ലാമി കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് അവസാന നിമിഷം രാഹുൽ ഈശ്വറിനെ വിലക്കിയത് ഈ കാരണത്താലാണെന്ന് സംശയിക്കുന്നു.

ലോറി പോലുള്ള വലിയ വാഹനങ്ങൾ സമ്മേളന സ്ഥലത്തേക്ക് ഓടിച്ച് കയറ്റാൻ തീവ്രവാദികൾ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയ സാഹചര്യത്തിലായിരുന്നു വിലക്കിയത്. പിന്നീട് ഇക്കാര്യം ചർച്ചയായെങ്കിലും തീവ്രവാദ ഭീഷണി പൊലീസ് ശരിവച്ചിരുന്നില്ല.

കേരളത്തിൽ നിന്ന് കാണാതായ 20 ഓളം പേരെ കൂടാതെ കൂടുതൽ പേർ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായിട്ടുണ്ടെന്ന് മൊയ്നുദ്ദീൻ സമ്മതിച്ചിട്ടുണ്ട്. അഞ്ച് പേരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്യാംപിൽ നേരിട്ട് കണ്ടതായും പരിചയപ്പെട്ടതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്.

കാസർകോട് സ്വദേശി ഷജീർ മംഗലശേരി ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഗൾഫിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ ടെഹ്റാനിലെ ക്യാപിലേക്ക് പോവുകയായിരുന്നു. ഡോ. ഇജാസ്, മൻസദ്, ഹഫീസുദ്ദീൻ, മർവാൻ എന്നിവരായിരുന്നു യാത്രാ സംഘത്തിലുണ്ടായിരുന്ന മറ്റ് മലയാളികൾ. മൊയ്നുദ്ദീൻ സൗദി അറേബ്യയിൽ പിടിയിലായതാണ്. കഴിഞ്ഞ മാസം ഇയാളെ ഇന്ത്യയ്ക്ക് വിട്ടുനൽകുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ