കണ്ണൂർ: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് കണ്ണൂരില്‍ അറസ്റ്റിലായ അഞ്ച് പേരില്‍ മുഖ്യ ഭീകരവാദ കണ്ണിയെന്ന് സംശയിക്കുന്ന താലിബാന്‍ ഹംസ എന്നറിയപ്പെടുന്ന യുകെ ഹംസ ഐഎസിന്റെ മുഖ്യ പരിശീലകനാണെന്ന് പൊലീസ്. ചോദ്യം ചെയ്യലിനിടെ ‘ഇസ്ലാമിക് സ്റ്റേറ്റ് ആണ് യഥാര്‍ത്ഥ മുസ്ലിംങ്ങള്‍’ എന്ന് പറഞ്ഞ ഹംസ ഇത് തെറ്റാണെന്ന് തെളിയിക്കാന്‍ ഏത് വലിയ മുസ്ലിം പണ്ഡിതന്മാരെ വിളിക്കാമെന്നും പൊലീസിനെ വെല്ലുവിളിച്ചു. എന്‍ഡിടിവിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

1998 മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഈ 52കാരന്‍ ഭീകരപ്രവര്‍ത്തനം നടത്തി വരുന്നതായും പൊലീസ് പറഞ്ഞു. ബഹ്റൈനില്‍ അല്‍ അന്‍സാര്‍ എന്ന മത സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ഇത് ഐഎസിന് വേണ്ടി പരിശീലനം സംഘടിപ്പിക്കുന്ന സംഘടനയാണെന്നാണ് പൊലീസിന്റെ സംശയം. ഇത് വഴി ഒരുപാട് ചെറുപ്പക്കാര്‍ സിറിയയില്‍ ഐഎസില്‍ ചേരാന്‍ പോയിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു.

ജോലി വാഗ്‌ദാനം ചെയ്ത് ബഹ്റൈനിൽ എത്തിച്ച് അവിടെ നിന്നാണ് തീവ്ര മതപഠനവും ആയുധ പരിശീലനം ഉൾപ്പെടെയുള്ള മുറകൾ പഠിപ്പിക്കുന്നതെന്നാണ് വിവരം. തീവ്രവാദ സംഘടനകളുടെ നേതാക്കളുമായി നേരിട്ട് ബന്ധമുള്ള ആളാണ് ഹംസ എന്നുകൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുപത് വർഷം ഗൾഫിലെ ഒരു സ്ഥാപനത്തിൽ പാചക ജോലിക്കാരനായിരിക്കെയാണ് അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുടെ നേതാക്കളുമായി ഹംസ അടുക്കുന്നത്. ഈ ബന്ധം വളർന്നാണ് കേരളത്തിലെ റിക്രൂട്ടിങ് ഏജന്റ് എന്ന നിലയിലേക്ക് ഉയർന്നത്. ബഹ്റൈനിൽ ഒരു കാറ്ററിങ് സെന്റർ വഴിയും കേരളത്തിൽനിന്നുള്ള യുവാക്കളെ ഐഎസിലേക്ക് എത്തിച്ചിട്ടുണ്ട്.

ഇന്നാണ് ഹംസയേയും മനാഫ് റഹ്മാനേയും (42) പൊലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി സ്വദേശികളായ ഇവരെ വളപട്ടണം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഐഎസ് ബന്ധം സംശയിക്കുന്ന 3 പേരെ ഇന്നലെ ജില്ലയിൽ അറസ്റ്റ് ചെയ്തിരുന്നു. വളപട്ടണം, ചക്കരക്കല്ല് സ്വദേശികളാണ് പിടിയിലായത്. ഐഎസിൽ ചേർന്ന ഇവർ തുർക്കിയിൽനിന്ന് മടങ്ങി നാട്ടിലെത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കണ്ണൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. യുഎപിഎ ഉൾപ്പടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തി ഇവരെ റിമാൻഡ് ചെയ്തു.

ഇവർ വിദേശത്ത് ജോലിക്കായി പോയവരാണെന്നും ഇവിടെ നിന്ന് ഇവർ സിറിയയിലേക്ക് കടക്കാൻ പോയിയെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. തുർക്കി വഴിയാണ് ഇവർ സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചത്. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടതിന് ശേഷമാണ് ഇവർ നാട്ടിലേക്ക് തിരിച്ചെത്തിയത്. നാട്ടിൽ എത്തിയതിന് ശേഷം ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ