ന്യൂഡൽഹി: ഐഎസ് കേസിൽ മൂന്ന് മലയാളികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് അമീൻ, കണ്ണൂർ സ്വദേശി മുഷബ് അൻവർ, കൊല്ലം ഓച്ചിറ സ്വദേശി റഹീസ് റഷീദ് എന്നിവർക്കെതിരെയാണ് ഡൽഹി കോടതിയിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചത്.
തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഇവരടക്കം തിരിച്ചറിയാവുന്നവരും അല്ലാത്തവരുമായ ഏഴ് പേർക്കെതിരെ കേസെടുത്തതെന്ന് എൻഐഎ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഐപിസി 120 ബി, 121 & 121 എ വകുപ്പുകൾ പ്രകാരവം യു എപിഎ 17, 18, 18 ബി, 20, 38, 40 എന്നീ വകുപ്പുകൾ പ്രകാരവുമാണ് ഈ വർഷം മാർച്ച് അഞ്ചിന് കേസുകൾ രജിസ്ട്രർ ചെയ്തതെന്നും എൻഐഎ അറിയിച്ചു.
മുഹമ്മദ് അമീനും കൂട്ടാളികളും ഐഎസ്ഐഎസിന്റെ അക്രമാസക്തമായ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിന് ടെലഗ്രാം, ഹൂപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വിവിധ ഐഎസ്ഐഎസ് പ്രചാരണ ചാനലുകൾ നടത്തിയിരുന്നതായും വാർത്താക്കുറിപ്പിൽ പറയുന്നു.
സിറിയയിലും ഇറാഖിലും ഐഎസ്ഐഎസിനുണ്ടായ പതനത്തിന് ശേഷം 2020 മാർച്ചിൽ അമീൻ കശ്മീർ സന്ദർശിച്ചതായും അവിടെ ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും അന്വേഷണത്തിൽ തെളിഞ്ഞുവെന്നും എൻഐഎ പറയുന്നു. തീവ്രവാദ സംഘടനയായ ഐഎസ്ഐഎസിന്റെ പ്രത്യയശാസ്ത്രവും അക്രമാസക്തമായ പ്രവർത്തനങ്ങളും പ്രചരിപ്പിച്ചതിന് സഹപ്രവർത്തകനായ റഹീസ് റഷീദ്, കശ്മീരിലുള്ള മുഹമ്മദ് വഖാർ ലോൺ എന്നിവരുമായി സഹകരിച്ച് ഫണ്ട് ശേഖരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും പ്രതി മൊഹമ്മദ് അമീൻ പങ്കാളിയായിരുന്നുവെന്നും എൻഐഎയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.
അന്വേഷണത്തിൽ പ്രതികളായ മുഹമ്മദ് അമീൻ, മുഷബ് അൻവർ, റഹീസ് റഷീദ് എന്നിവർക്ക് നിരോധിത ഭീകര സംഘടനയായ ഐഎസ്ഐസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയെന്ന് പറഞ്ഞ എൻഐഎ കേസിൽ കൂടുതൽ അന്വേഷണം തുടരുന്നതായും അറിയിച്ചു.