കൊച്ചി: ഗുജറാത്തിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജാവേദ് ഗുലാം ഷെയ്കിന്റെ (പ്രാണേഷ് കുമാർ) അച്ഛൻ ഗോപിനാഥ പിളള (76) വാഹനാപകടത്തിൽ മരണമടഞ്ഞു. ചാരുംമൂട് താമരക്കുളം മണലാടി തെക്കതിൽ ഗോപിനാഥ പിള്ള രണ്ട് ദിവസം മുമ്പാണ് അപകടത്തിൽ പെട്ടത്. ചേർത്തല വയലാറിൽ ഏപ്രിൽ 11ന് രാവിലെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് പരുക്കേറ്റ ഗോപിനാഥ പിളളയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഗോപിനാഥൻ പിള്ള മരണമടഞ്ഞത്.
നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്ന ഗോപിനാഥ പിളള അതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി ആശുപത്രിയിലേയ്ക്കുളള യാത്രയ്ക്കിടെയായിരുന്നു അപകടം. ഗോപിനാഥ പിളള യാത്ര ചെയ്ത വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ വാഹനം തിരിച്ചറിഞ്ഞിട്ടില്ല.

ഗുജറാത്തിലെ അഹമ്മദാബാദിലെ ഗാന്ധിനഗറിൽ 2004 ജൂൺ 15നായിരുന്നു ജാവേദ് എന്ന പ്രാണേഷ് കുമാർ വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രാണേഷ് കുമാർ, ഇസ്രത്ത് ജഹാൻ എന്നിവർ ഉൾപ്പെടെ നാലു പേരെ തീവ്രവാദികളെന്ന് ആരോപിച്ച് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ഈ കൊലപാതകം വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഗോപിനാഥ പിളള നിയമപോരാട്ടം ആരഭിച്ചത്. കഴിഞ്ഞ പതിനാല് വർഷമായി അദ്ദേഹം ഈ നിയമപോരാട്ടത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. സിബിഐ അന്വേഷിക്കുന്ന ഈ കേസിൽ ഗുജറാത്ത് പൊലീസ് ആണ് പ്രതിസ്ഥാനത്തുളളത്.
ഈ കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരെ പ്രതിയാക്കി മകന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി കേസ് നടത്തുന്നതിനിടെയാണ് ഗോപിനാഥ പിള്ളയുടെ മരണം. മകന്റെ നിരപരാധിത്വം തെളിയിക്കാനായി പ്രായവും അനാരോഗ്യവും മറികടന്നുളള പോരാട്ടത്തിലൂടെ ദേശീയ ശ്രദ്ധ നേടിയിരുന്നു ഗോപിനാഥ പിളള. നിരവധി മനുഷ്യാവകാശ സമരങ്ങളിലെ മുഖമായി മാറിയ ഗോപിനാഥ പിളള വ്യാജ ഏറ്റുമുട്ടലുകൾക്കും ഭരണകൂട ഭീകരതയ്ക്കുമെതിരായ പോരാട്ടത്തിന്റെ നാവായിരുന്നു.
1991 ലാണ് ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രാണേഷ് കുമാർ ഇസ്ലാം മതം സ്വീകരിച്ചത്.