scorecardresearch

വിഗ്രഹം ഒളിപ്പിക്കാനൊരു സ്ഥലം വേണം; മാലിന്യം മൂടിയ കിണർ കാണിച്ചുകൊടുത്തത് ഇർഷാദ്, ഒടുവിൽ കുഴിമാടമായി

വിഗ്രഹം ഒളിപ്പിക്കാൻ പൂക്കരത്തറയിലെ മാലിന്യം നിറഞ്ഞ കിണർ ഇർഷാദ് പ്രതികൾക്ക് കാണിച്ചുകൊടുത്തു. ഒടുവിൽ ആ കിണർ തന്നെ ഇർഷാദിന്റെ കുഴിമാടമായി

വിഗ്രഹം ഒളിപ്പിക്കാനൊരു സ്ഥലം വേണം; മാലിന്യം മൂടിയ കിണർ കാണിച്ചുകൊടുത്തത് ഇർഷാദ്, ഒടുവിൽ കുഴിമാടമായി

എടപ്പാൾ: തന്റെ കുഴിമാടമായി മാറിയ എടപ്പാൾ പൂക്കരത്തറയിലെ മാലിന്യക്കിണർ വിഗ്രഹം ഒളിപ്പിക്കാനായി പ്രതികളായ സുഭാഷിനും എബിനും കാണിച്ചുകൊടുത്തത് കൊല്ലപ്പെട്ട ഇർഷാദ് ഹനീഫ. പഞ്ചലോഹ വിഗ്രഹം നൽകാമെന്നു പറഞ്ഞ് സുഭാഷ് അഞ്ചു ലക്ഷം രൂപ ഇർഷാദിൽനിന്നു കൈപ്പറ്റിയിരുന്നു. കബളിപ്പിക്കപ്പട്ടുവെന്നു മനസിലായതോടെ ഇർഷാദ് തുക തിരികെ ആവശ്യപ്പെട്ടതാണു കൊലപാതകത്തിനു കാരണമായതെന്നാണു പൊലീസ് പറയുന്നത്.

പന്താവൂർ കാളച്ചാൽ കിഴക്കെ വളപ്പിൽ ഇർഷാദ് ഹനീഫ (25) വധക്കേസിൽ ആറു മാസത്തിനുശേഷമാണു ചങ്ങരംകുളം പൊലീസ് പ്രതികളെ പിടികൂടുന്നത്. ഇർഷാദിന്റെ സുഹൃത്തുക്കളാണ് പ്രതികളായ സുഭാഷും എബിനും. മൃതദേഹം പൂക്കരത്തറയിലെ മാലിന്യക്കിണറിൽ ഉപേക്ഷിച്ചുവെന്നായിരുന്നു പ്രതികളുടെ മൊഴി. 15 കോലോളം ആഴമുള്ള കിണറ്റില്‍നിന്ന് മണിക്കൂറുകളോളം കഷ്ടപ്പെട്ട് മാലിന്യങ്ങള്‍ കയറ്റിയൊഴിവാക്കിയാണ് മൃതദേഹാവശിഷ്ടങ്ങൾ ഇന്നലെ പുറത്തെടുത്തത്. മാലിന്യം മൂടിയ കിണറിൽ ഇർഷാദിനെ കൊന്നു തള്ളിയാൽ വിവരം ഒരിക്കലും പുറംലോകത്തെത്തിലെന്നായിരുന്നു പ്രതികളുടെ ആത്മവിശ്വാസമെന്നു പൊലീസ് പറയുന്നത്.

Read Also: ശവസംസ്കാരത്തിനിടെ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ്ട് അപകടം; 23 മരണം

കൊല്ലപ്പെട്ട ഇർഷാദും പ്രതികളായ സുഭാഷും എബിനും തമ്മിൽ പല സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. മൂവരും സുഹൃത്തുക്കളായിരുന്നു. മൊബൈൽ ഫോണും ലാപ്‌ടോപ്പുമടക്കം ഇലക്ട്രോണിക് ഉപകരണങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയി കച്ചവടം നടത്തിയിരുന്ന ഇർഷാദിനെ പഞ്ചലോഹ വിഗ്രഹമെന്ന പേരിൽ തട്ടിപ്പ് വിഗ്രഹം കാണിച്ചാണ് സുഭാഷ് വലയിലാക്കിയത്.

പാലക്കാട് കുമരനെല്ലൂർ ക്ഷേത്രത്തിലെ പൂജാരി കൂടിയായ സുഭാഷ് വിഗ്രഹം നൽകാമെന്ന് കരാറുറപ്പിച്ച് അഞ്ച് ലക്ഷം കൈക്കലാക്കി. സുഭാഷും എബിനും ചേർന്ന് ആറുലക്ഷത്തോളം രൂപ പലഘട്ടങ്ങളിലായി ഇര്‍ഷാദില്‍നിന്ന് കൈപ്പറ്റിയിരുന്നു. കൂടാതെ കൊല്ലാന്‍ കൊണ്ടുപോകുമ്പോള്‍ ഒന്നരലക്ഷവും. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കേണ്ടി വരുമെന്ന ചിന്തയാണ് ഇർഷാദിനെ കൊലപ്പെടുത്താൻ പ്രതികളെ പ്രേരിപ്പിച്ചത്.

ഇർഷാദ് പണം തിരിച്ചുചോദിക്കാൻ തുടങ്ങിയതോടെ സുഹൃത്തിനെ എങ്ങനെ ഇല്ലാതാക്കാമെന്നായി സുഭാഷിന്റെയും എബിന്റെയും ചിന്ത. ഇർഷാദിനെ കൊന്ന് തള്ളാൻ പ്രതികൾ സ്ഥലം അന്വേഷിച്ചു. ഒടുവിൽ ആ സ്ഥലം കണ്ടെത്താൻ ഇർഷാദിന്റെ സഹായം തന്നെ തേടി. വിഗ്രഹം ഒളിപ്പിക്കാൻ ഒരു സ്ഥലം വേണമെന്ന് പറഞ്ഞാണ് പ്രതികൾ ഇർഷാദിനെ സമീപിച്ചത്. വിഗ്രഹം ഒളിപ്പിക്കാൻ പൂക്കരത്തറയിലെ മാലിന്യം നിറഞ്ഞ കിണർ ഇർഷാദ് പ്രതികൾക്ക് കാണിച്ചുകൊടുത്തു.

Read Also: അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

വിഗ്രഹം തരാമെന്ന് പറഞ്ഞ് ഇര്‍ഷാദിനെ സുഭാഷിന്റെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയതായും തുടർന്ന് ക്ലോറോഫോം നല്‍കി ബോധരഹിതനാക്കി തലയ്ക്കു പിന്നിലടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് കണ്ടെത്തല്‍. വട്ടംകുളം സ്വദേശികളാണ് പ്രതികൾ.

ജൂൺ 11നാണ് ഇർഷാദിനെ കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളെ പല തവണ ചോദ്യം ചെയ്തിരുന്നുവെങ്കിലും കാര്യമായ തെളിവ് ലഭിച്ചിരുന്നില്ല. ഇർഷാദ് അവസാനമായി വിളിച്ചത് സുഭാഷിന്റെ അധികമാർക്കും അറിയാത്ത നമ്പറിലേക്കാണെന്നു കണ്ടെതിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായതെന്നു സിഐ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും സിഐ പറഞ്ഞു. പ്രതികൾ നടത്തിയ പണമിടപാടുകൾ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Irshad murder case malappuram