എടപ്പാൾ: സുഹൃത്തുക്കൾ കൊലപ്പെടുത്തിയ പന്താവൂർ കാളച്ചാൽ കിഴക്കെ വളപ്പിൽ ഇർഷാദ് ഹനീഫ (25)യുടെ മൃതദേഹം കണ്ടെത്തി. 15 കോലോളം ആഴമുള്ള കിണറ്റില്‍നിന്ന് മണിക്കൂറുകളോളം കഷ്ടപ്പെട്ട് മാലിന്യങ്ങള്‍ കയറ്റിയൊഴിവാക്കിയാണ് മൃതദേഹം പുറത്തെടുത്തത്. ആറുമാസം മുന്‍പാണ് ഇവിടെ മൃതശരീരം കൊണ്ടിട്ടത്.

സുഹൃത്തുക്കളായ സുഭാഷ്, എബിൻ എന്നിവരെ ചങ്ങരംകുളം പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹം എടപ്പാൾ പൂക്കളത്തറ സെന്ററിലെ പൊട്ടക്കിണറ്റിൽ തള്ളിയെന്ന് പ്രതികൾ മൊഴി നൽകിയതിനെ തുടർന്നാണ് തിരച്ചിൽ. ആറുലക്ഷത്തോളം രൂപ പലഘട്ടങ്ങളിലായി ഇവര്‍ ഇര്‍ഷാദില്‍നിന്ന് കൈപ്പറ്റിയിരുന്നു. കൂടാതെ കൊല്ലാന്‍ കൊണ്ടുപോകുമ്പോള്‍ ഒന്നരലക്ഷവും. ഈ പണം തിരിച്ചു കൊടുക്കേണ്ടിവരുമെന്ന ചിന്തയാണ് കൂട്ടുകാരനെ ഇല്ലാതാക്കാന്‍ പ്രതികളെ പ്രേരിപ്പിച്ച ഘടകമെന്നാണ് പോലീസ് പറയുന്നത്.

Read More: കാണാതായ യുവാവിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയതെന്നു പൊലീസ്; സംഭവം വിഗ്രഹത്തട്ടിപ്പിനെത്തുടർന്ന്

പണം തിരികെ നൽകാൻ നിവൃത്തിയില്ലാതെ വന്നതോടെ പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്താണ് ഇർഷാദിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. വിഗ്രഹം തരാമെന്ന് പറഞ്ഞ് ഇര്‍ഷാദിനെ സുഭാഷിന്റെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയതായും തുടർന്ന് ക്ലോറോഫോം നല്‍കി ബോധരഹിതനാക്കി തലയ്ക്കു പിന്നിലടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് കണ്ടെത്തല്‍. വട്ടംകുളം സ്വദേശികളാണ് പ്രതികൾ.

ജൂൺ 11നാണ് ഇർഷാദിനെ കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളെ പല തവണ ചോദ്യം ചെയ്തിരുന്നുവെങ്കിലും കാര്യമായ തെളിവ് ലഭിച്ചിരുന്നില്ല. ഇർഷാദ് അവസാനമായി വിളിച്ചത് സുഭാഷിന്റെ അധികമാർക്കും അറിയാത്ത നമ്പറിലേക്കാണെന്നു കണ്ടെതിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായതെന്നു സിഐ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും സിഐ പറഞ്ഞു. പ്രതികൾ നടത്തിയ പണമിടപാടുകൾ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.