കൊച്ചി: രാജകീയ പ്രൗഢിയിൽ മഹാരാജാസിനെ നിലനിർത്തുന്നതിൽ കായലിന്റെ ഭാഗത്തുള്ള തണൽ  മരങ്ങൾക്കുള്ള  പങ്ക് ചെറുതല്ല. ഈ മാസം ആദ്യം പൂർവ്വ വിദ്യാർത്ഥികൾ മഹാരാജകീയം പരിപാടി സംഘടിപ്പിച്ചപ്പോൾ ഈ മരത്തണൽ വേദിയായി മാറിയതും ഇക്കാരണം കൊണ്ട് തന്നെ. അടുത്തൊരു മഹാരാജകീയത്തിന് ഈ തണൽ അവിടെ അവശേഷിക്കുമോയെന്ന് സംശയമാണ്. എന്തെന്നാൽ കെമിസ്ട്രി ലാബിൽ നിന്ന് പുറന്തള്ളിയ രാസവസ്തുക്കളുടെ കുപ്പികളാണ് മരങ്ങൾക്ക് വളമായി ഇട്ടിരിക്കുന്നത്.

രാസദ്രാവകങ്ങളുടെ കുപ്പികൾ കൊണ്ട് തടം ഒരുക്കിയ മരങ്ങൾ

ഈ കുപ്പികളിൽ ഒന്ന് പരിശോധിച്ചപ്പോൾ സകലജീവജാലങ്ങൾക്കും പ്രകൃതിക്കും ദോഷകരമാണ് ഇവയെന്ന് കുപ്പികളുടെ പുറത്ത് എഴുതിയിട്ടുണ്ടായിരുന്നു. ചിത്രങ്ങൾ സഹിതമാണ് ഇക്കാര്യം വിശദീകരിച്ചിരുന്നത്. കാൻസറിനും ജനിതക രോഗങ്ങൾക്കും കാരണമാകുന്നതാണ് ഇതെന്ന് ഈ കുറിപ്പിൽ വിശദമാക്കിയിട്ടുണ്ട്. ചിത്രങ്ങളിൽ നിന്ന് മരങ്ങൾ, മത്സ്യങ്ങൾ തുടങ്ങിയവയിൽ നിന്നും മാറി സൂക്ഷിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മരങ്ങൾക്ക് തടമിടാൻ ഉപയോഗിച്ച കുപ്പികളിലൊന്ന്

അത്യന്തം മാരകമായ രാസവസ്തുക്കളുടെ കുപ്പികൾ മരത്തിന്റെ തടത്തിൽ നിക്ഷേപിക്കുന്നത് വഴി ഭാവിയിൽ മരങ്ങൾ കരിഞ്ഞുണങ്ങി പോകാനുള്ള സാധ്യതകൾ ഉണ്ട്. രാസവസ്തുക്കളുടെ കുപ്പികൾ കഴുകി അണുവിമുക്തമാക്കി സൂക്ഷിക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് മൂന്ന്മാസം മുൻപ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ യാതൊരു വിധ അപകടവും ഈ കുപ്പികളിൽ നിന്ന് ഉണ്ടാകില്ലെന്ന് സാക്ഷ്യപ്പെടുത്തിയ കോളേജ് അധികൃതർ കോളേജിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയ തൊഴിലാളികൾക്ക് പറ്റിയ കൈയ്യബദ്ധമായാണ് ന്യായീകരിച്ചത്.

കോളേജ് സ്വയംഭരണ ഫണ്ടിൽ നിന്ന് മോടികൂട്ടാൻ നീക്കിവച്ച 17 ലക്ഷം രൂപയുടെ പണികൾ നടക്കുന്നുണ്ട്. കോളേജിന്റെ പടിഞ്ഞാറ് ഭാഗത്തെ ക്യാംപസിൽ മരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന ഭാഗത്ത് പാർക്കിന് സമാനമായ രീതിയിൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കാനാണ് പദ്ധതി. കോൺക്രീറ്റ് ടൈലുകൾ പതിച്ച് ഇതിന്റെ മദ്ധ്യഭാഗത്തേക്ക് നാലുദിക്കിൽ നിന്നും നടപ്പാത ഉണ്ടാക്കാനുമാണ് ഈ തുക മാറ്റിവച്ചത്.

മാർച്ച് 31 ന് മുൻപ് തുക വിനിയോഗിക്കണമെന്നാണ് നിബന്ധന. മാർച്ച് 29 ന് രാവിലെയാണ് പണി ആരംഭിച്ചത്. ഇതിന് മുന്നോടിയായി ഇവിടെയുള്ള മരങ്ങൾക്ക് ചുറ്റിലും സ്ഥാപിച്ച റിംഗുകൾക്കകത്ത് മണ്ണിട്ട് തടം നിറച്ചിരുന്നു. രാവിലെ എട്ട് മണിയോടെ ജോലി തുടങ്ങിയപ്പോഴാണ് കെമിസ്ട്രി ലാബിലെ മാലിന്യങ്ങൾ ഇങ്ങോട്ടേയ്ക്ക് എത്തിച്ചത്. ഈ സമയത്ത് ഇവിടെയെത്തിയ വിദ്യാർത്ഥികളുടെ സമയോചിത ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ പ്രകൃതിക്ക് അത്യന്തം മാരകമായ ഈ കുപ്പികൾ മഹാരാജാസിന്റെ പടിഞ്ഞാറ് ഭാഗത്തെ ക്യാംപസിനെ മരുപ്പറന്പാക്കിയേനെ.

കെമിസ്ട്രി ലാബിലെ ആസിഡുകളുടെയും മറ്റും കുപ്പികൾ ആദ്യം മരത്തിന്റെ ചുറ്റിലുമുള്ള റിംഗിനകത്ത് ഇട്ടു. ഇതിന് മുകളിൽ മണ്ണ് നിറയ്ക്കാനായിരുന്നു ശ്രമം. എന്നാൽ രാവിലെ എട്ടരയ്ക്ക് കോളേജിൽ എത്തിയ വിദ്യാർത്ഥികളിൽ ചിലർ ഇത് ശ്രദ്ധിക്കുകയും ജോലികൾ തടസ്സപ്പെടുത്തുകയും ചെയ്തു.

അദ്ധ്യാപകരിൽ ചിലരും വിഷയത്തിൽ വിദ്യാർത്ഥികളുടെ പക്ഷം ചേർന്നതോടെ കുപ്പികൾ ഇവിടെ നിന്നും മാറ്റി. എന്നിട്ടും കുപ്പികളുടെ പൊട്ടിയ ഭാഗങ്ങൾ ഇവിടെ തന്നെ ബാക്കിയായെന്ന് കുട്ടികൾ ആരോപിച്ചു. അതേസമയം കുപ്പികളിൽ ദ്രാവകങ്ങൾ ഉണ്ടായിരുന്നുവെന്നതാണ് വിദ്യാർത്ഥികൾ ഉന്നയിച്ച മറ്റൊരു വിഷയം.

മരങ്ങൾക്ക് ചുറ്റും തടമുണ്ടാക്കാൻ ഇവിടെ തന്നെ വലിയ കുഴിയുണ്ടാക്കി മണ്ണെടുത്തിരുന്നു. ഈ കുഴികൾ മൂടാൻ കോളേജിലെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഉപയോഗിക്കുന്നത്. രണ്ട് വലിയ കുഴികൾ എടുത്തതിൽ ഒന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറച്ച് മൂടി. ഇതിനകത്ത് ഫ്ലെക്സ് ബോർഡുകളും ഉണ്ടായിരുന്നു. ഇത് പുറത്തെടുക്കണമെന്ന് ഒരു വിഭാഗം അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ആവശ്യം ആരും ചെവിക്കൊണ്ടില്ല. ഫ്ലെക്സ് ബോർഡുകളിൽ തങ്ങളുടെ പേരുണ്ടാകുമെന്ന് അറിയുന്ന വിദ്യാർത്ഥി  സംഘടനകളും ഈ ആവശ്യം നിരാകരിച്ചു.

എന്നാൽ കുട്ടികൾ വെറുതെ കുഴപ്പങ്ങളുണ്ടാക്കുകയാണെന്ന് പ്രിൻസിപ്പൾ ഡോ. എൻ. എൽ. ബീന കുറ്റപ്പെടുത്തി.”അജ്ഞത കൊണ്ട് ബഹളം വയ്ക്കുകയാണവർ. പല കുപ്പികളിലും ദ്രാവകങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അവർ പറഞ്ഞത്. എന്നാൽ ഇക്കാര്യം കെമിസ്ട്രി വിഭാഗം മേധാവിയോട് ചോദിച്ചു. അതിലുണ്ടായിരുന്നത് മഴവെള്ളമാണെന്നാണ് അദ്ദേഹം പറഞ്ഞത്,” പ്രിൻസിപ്പൾ വ്യക്തമാക്കി.

“സ്വയംഭരണത്തിന്റെ ഭാഗമായാണ് ഈ തുക അനുവദിച്ചത്. മാർച്ച് 31 ന് മുൻപ് ഇത് വിനിയോഗിച്ചില്ലെങ്കിൽ തുക പാഴായിപ്പോകും. അതിനാണ് വേഗത്തിൽ പണികളുമായി മുന്നോട്ട് പോകുന്നത്. പ്ലാനിംഗ് കമ്മിറ്റിയാണ് ഇതിന്റെ എല്ലാ കാര്യങ്ങളിലും മേൽനോട്ടം വഹിക്കുന്നത്,” അവർ പറഞ്ഞു.

“കെമിസ്ട്രി ലാബിന് താഴെ ഒരു വർഷമായി വെറുതെ ഇട്ടിരുന്നതാണ് ഈ കുപ്പികൾ. അതിൽ മഴവെള്ളമാണ് ഉണ്ടായിരുന്നത്. അതിൽ നിന്ന് പുക ഉയർന്നെന്നാണ് കുട്ടികൾ പറഞ്ഞത്. വെറുതെ പൊലിപ്പിച്ച് പറയുന്നതാണിത്. ഇതിൽ കാര്യമൊന്നുമില്ല. ആ കുപ്പികൾ യാതൊരു വിധ പ്രശ്നവും ഉണ്ടാക്കുന്നവയല്ല” പ്രിൻസിപ്പൾ കൂട്ടിച്ചേർത്തു.

കെമിസ്ട്രി വിഭാഗത്തിനായി പുതുതായി പണിയുന്ന കെട്ടിടത്തോട് ചേർന്ന് നിർമ്മിച്ച കുഴി. ഇതിലാണ് രാസ മാലിന്യങ്ങൾ നിക്ഷേപിക്കേണ്ടത്

പ്രിൻസിപ്പൾ പറയുന്നത് വിശ്വാസത്തിലെടുത്താലും രണ്ട് ഗുരുതര വീഴ്ചകൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായെന്ന് പറയാതെ വയ്യ. ഒരു വർഷമായി വെറുതെ  ക്യാംപസിൽ ഇട്ടിരുന്ന ഈ കുപ്പികളിൽ നിന്ന് ആസിഡോ രാസവസ്തുക്കളോ മണ്ണിലേക്ക് എത്തിയിരിക്കുമെന്ന് വ്യക്തം. രാസവസ്തുക്കളുടെ  ശേഖരണം, സൂക്ഷിപ്പ്, നശീകരണം എന്നിവ സംബന്ധിച്ച് വ്യക്തമായ മാർഗ നിർദ്ദേശങ്ങൾ നിലനിൽക്കെയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായത്. മണ്ണും വെള്ളവും മലിനീകരിക്കപ്പെട്ടുവെന്ന് വ്യക്തം.

രണ്ടാമത്തെ കാര്യം. 1985 ൽ നടന്ന വിദ്യാർത്ഥി സംഘട്ടനത്തിനിടയിൽ ആസിഡ്  ബൾബ് ആക്രമണം  കോളേജിൽ നടന്നിരുന്നു.  പ്രിൻസിപ്പാളിന്റെ മുറിയിലേക്ക് ഓടിക്കയറിയ ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് നേരെ ആസിഡ് ബോംബെറിഞ്ഞ ചരിത്രം മഹാരാജാസിനുണ്ട്. സംസ്ഥാനത്ത് അടിക്കടി വിദ്യാർത്ഥി സംഘട്ടനങ്ങളുണ്ടാകുന്ന കോളേജുകളിലൊന്നാണ് മഹാരാജാസ്. ഇവിടെയാണ് അശ്രദ്ധമായി ആസിഡ്  കുപ്പികൾ മഴയത്തും വെയിലത്തും  നിരത്തി വെച്ചിരുന്നത് .

അതേസമയം കെമിസ്ട്രി വകുപ്പിന് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തോട് ചേർന്ന് കോൺക്രീറ്റ് റിംഗുകൾ ഉപയോഗിച്ച് പ്രത്യേകം സൈലോസ്  (silos) നിർമിച്ചിട്ടുണ്ട്‌ . കെമിസ്ട്രി ലാബിലെ മാലിന്യങ്ങൾ നിക്ഷേപിക്കാനായിരുന്നു ഇത്. ഒരു വർഷമായി പുറത്തുകിടക്കുന്ന മാലിന്യങ്ങൾ ഈ കുഴി സജ്ജമായിട്ടും ഇങ്ങോട്ടേയ്ക്ക് മാറ്റിയിട്ടില്ല.

മരത്തിന്റെ തടത്തിൽ  നിന്ന് നീക്കം ചെയ്ത കുപ്പികൾ പിന്നീട് ഈ കുഴിയിലേക്ക് മാറ്റി. കുഴിയുടെ വായ്ഭാഗം ഭാഗികമായി തുറന്നുകിടന്നതിനാൽ രൂക്ഷമായ ദുർഗന്ധം ഇതിൽ നിന്ന് പുറത്തേക്ക് വമിക്കുന്നുണ്ടായിരുന്നു.

വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിനെ തുടർന്ന് കുപ്പികൾ, ഇതിനായി നിർമ്മിച്ച കുഴിയിലേക്ക് മാറ്റിയപ്പോൾ

നേരത്തേ കെമിസ്ട്രി ലാബിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന ഈ കുപ്പികൾ കുട്ടികൾക്ക് അലർജി ഉണ്ടായതിനെ തുടർന്നാണ് പുറത്ത് ഇറക്കിവച്ചതെന്ന് ഒരു വിദ്യാർത്ഥിയും അദ്ധ്യാപികയും പറഞ്ഞു. പ്രതിവർഷം രണ്ട് ലക്ഷത്തോളം രൂപയുടെ രാസവസ്തുക്കൾ കെമിസ്ട്രി ലാബിലേക്ക് മാത്രമായി എത്തുന്നുണ്ട്.

കോളേജുകളിലെ രാസ പദാർത്ഥങ്ങളുടെ സൂക്ഷിപ്പും അവയുടെ ഒഴിഞ്ഞ കുപ്പികളും അവശിഷ്ടങ്ങളും സംബന്ധിച്ച് സംസ്ഥാന   മലിനീകരണ നിയന്ത്രണ ബോർഡിന് യാതൊരു നിയന്ത്രണവും ഇല്ല. ഇവയിൽ ദ്രാവകങ്ങൾ കത്തിക്കാനുള്ള സൗകര്യം കേരളത്തിലില്ല. “വളരെ അപകടകരമായ വസ്തുക്കൾ ഞങ്ങൾ ഇവിടെ സൂക്ഷിക്കുകയാണ് ചെയ്യുന്നത്” എന്ന് മലിനീകരണ നിയന്ത്രണ ബോർഡ് എറണാകുളം റീജിയണൽ എഞ്ചിനീയർ ഡോ. മിനി മേരി സാം പറഞ്ഞു. “കോളേജുകളിലെ ലബോറട്ടികളുടെ കാര്യം ഞങ്ങൾ പരിശോധിക്കാറില്ലെന്നും” അവർ വ്യക്തമാക്കി.

ഈ ഭാഗത്ത് അദ്ധ്യാപകർക്കായി കാർ പാർക്കിംഗ് ഷെഡുകൾ പണിയാനാണ് കോളേജ് പ്ലാനിംഗ് സെൽ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനെ കോളേജ് യൂണിയനും വിദ്യാർത്ഥി സംഘടനകളും എതിർത്തു. ഇതോടെ ഈ ഭാഗം മുഴുവൻ കോൺക്രീറ്റ് ടൈൽ വിരിക്കാനായി ആലോചന. ഇതും വിദ്യാർത്ഥികൾ എതിർത്തതോടെയാണ് പാർക്ക് എന്ന തീരുമാനത്തിലേക്ക് എത്തിയത്. അപ്പോഴും കോളേജ് പ്ലാനിംഗ് സെൽ കോൺക്രീറ്റ് ടൈലിനെ ഉപേക്ഷിച്ചില്ല. മൂന്നടി വീതിയിൽ നടപ്പാത ചുറ്റിലും വരുന്നതോടെ ക്യാംപസിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുമെന്ന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഹരികൃഷ്ണൻ കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ