കൊച്ചി: കായംകുളത്ത് ഇരുമ്പ് കൊണ്ടുള്ള പെട്ടി വച്ച് തീവണ്ടി അപകടം ഉണ്ടാക്കാൻ മനപ്പൂർവ്വം ശ്രമിച്ചതായി റിപ്പോർട്ട്. എറണാകുളം – തിരുവനന്തപുരം റൂട്ടിൽ കായംകുളം ഭാഗത്താണ് അപകടത്തിനുള്ള ശ്രമം നടന്നത്. ഭാരമേറിയ ഇരുമ്പ് സിഗ്നൽ പെട്ടിയാണിത്.

ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ ചേരാവള്ളി ലെവൽക്രോസിന് സമീപം തിരുവനന്തപുരം-ചൈന്നെ എക്സ്പ്രസാണ് അപകടത്തിൽപെട്ടത്. പാളത്തോട് ചേർന്ന് സ്ഥാപിച്ച ഇരുമ്പ് പെട്ടിയ്ക്ക് മുകളിൽ തീവണ്ടി കയറിയപ്പോൾ തന്നെ ഉഗ്രശബ്ദത്തോടെ ഇത് പൊട്ടിതെറിച്ച് ചിന്നിച്ചിതറി.

പാളത്തിന് അരികിൽ സ്ഥാപിക്കാറുള്ള ഇരുമ്പ് കൊണ്ടുള്ള പെട്ടിയാണ് പാളത്തിലേക്ക് എടുത്ത് വച്ചത്. ഒരാൾക്ക് ഒറ്റയ്ക്ക് എടുത്ത് ഉയർത്താൻ സാധിക്കുന്നതല്ല പെട്ടിയെന്നാണ് റിപ്പോർട്ട്. 80 കിലോയോളം ഭാരമാണ് ഈ സിഗ്നൽ പെട്ടിക്കുള്ളത്.

ഇന്നലെ രാത്രി റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കൂടുതൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് എത്തുന്നുണ്ട്. ഇന്നലെ രാത്രി തന്നെ റയിൽവേ പൊലീസ് സിഐ മീനയുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്ക് ശേഷം സിഗ്നൽ ബോക്സിന്റെ ഭാഗങ്ങൾ കായംകുളം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ