കൊച്ചി: ഇന്ത്യന്‍ റെയില്‍വേയുടെ ഭക്ഷണശാലകളില്‍നിന്നു മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയ തീരുമാനം ഐആര്‍സിടിസി പിന്‍വലിച്ചു. കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിലെ വിൽപ്പനശാലകളിൽനനിന്ന് പൊറോട്ടയും പഴംപൊരിയും ഉൾപ്പെടെയുള്ള ജനപ്രിയ വിഭവങ്ങൾ ഒഴിവാക്കിയതിനെതിരെ പരക്കെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണു നടപടി.

മലയാളിയുടെ പ്രിയ ഭക്ഷണങ്ങളായ അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടലക്കറി, ലഘുഭക്ഷണങ്ങളായ പഴംപൊരി, ബജി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയന്‍ എന്നിവയാണു മെനുവില്‍നിന്നു റെയില്‍വേ കഴിഞ്ഞദിവസം ഒഴിവാക്കിയത്. ഇവയ്ക്കു പകരം ഉത്തരേന്ത്യന്‍ ഭക്ഷണങ്ങളാണു പുതിയ മെനുവില്‍ ഇടംപിടിച്ചത്.

മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയ തീരുമാനം പിന്‍വലിക്കുന്ന കാര്യത്തില്‍ ഐആര്‍സിടിസി മാനേജിങ് ഡയരക്ടറില്‍നിന്ന് അനുകൂല പ്രതികരണം ലഭിച്ചതായി ഹൈബി ഈഡന്‍ എംപി പറഞ്ഞിരുന്നു. വിഷയത്തില്‍ ഫോണില്‍ അദ്ദേഹവുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണു ഹൈബി ഇക്കാര്യം പറഞ്ഞത്. ഇതിനുപിന്നാലെയാണു റെയില്‍വേയുടെ തീരുമാനം പുറത്തുവന്നത്.

”എന്തിനാണ് ഈ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കമ്പനികള്‍ക്ക് ഐആര്‍സിടിസി ടെന്‍ഡര്‍ നല്‍കുകയാണു ചെയ്യുന്നത്. ഈ കമ്പനികളാവാം സ്റ്റാന്‍ഡേര്‍ഡ് മെനു തീരുമാനിക്കുന്നത്. ഇക്കാര്യത്തില്‍ ഉത്തരേന്ത്യന്‍ ലോബിയുടെ സ്വാധീനമുണ്ട്,”ഹൈബി ഈഡന്‍ പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനു കത്തെഴുതിയതായും ഹൈബി പറഞ്ഞു.

Read Also: ‘കേന്ദ്രത്തിനെതിരെ ഹർജി നല്‍കുമ്പോള്‍ ഗവര്‍ണറെ അറിയിക്കണമെന്ന് നിർബന്ധമില്ല’: പി. സദാശിവം

റെയില്‍വേ വെജിറ്റേറിയന്‍ റിഫ്രഷ്‌മെന്റ് റൂമുകളിലെയും റസ്റ്റോറന്റുകളിലെയും ഭക്ഷണനിരക്ക് ഇരട്ടിയായി വര്‍ധിപ്പിച്ചതിനു പിന്നാലെയാണു കേരള വിഭവങ്ങള്‍ മെനുവില്‍നിന്ന് ഒഴിവാക്കിയത്. കേരളീയ ലഘുഭക്ഷണങ്ങള്‍ക്കു പകരം സമൂസ, കച്ചോരി, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോഡ എന്നിവയാണു മെനുവില്‍ ഉൾപ്പെടുത്തിയത്.

വെജിറ്റേറിയന്‍ ഊണിന്റെ വില 35 രൂപയില്‍നിന്ന് 70 രൂപയാക്കി. മുട്ടക്കറി ഊണിന് 70 രൂപയും കോഴിക്കറിയുള്ള ഊണിന് 80 രൂപയും ഇനി നല്‍കണം. അതേസമയം ഉഴുന്നുവട, പരിപ്പുവട എന്നിവ മെനുവില്‍ നിലനിര്‍ത്തി. എന്നാല്‍ ഇവ രണ്ടിനും 8.50നു പകരം ഇനി 15 രൂപ നല്‍കണം. സ്‌നാക്ക് മീല്‍ വിഭാഗത്തില്‍ ദക്ഷിണേന്ത്യയില്‍നിന്നു മസാല ദോശയും തൈര്, സാമ്പാര്‍ സാദം തുടങ്ങിയവയുമാണുള്ളത്.

പ്രഭാത ഭക്ഷണമായ രണ്ട് ഇഡലിക്കൊപ്പം രണ്ട് ഉഴുന്നുവട നിര്‍ബന്ധമായി വാങ്ങണമെന്നും നിര്‍ദേശമുണ്ട്. മൂന്നാമതൊരു ഇഡലി വേണമെങ്കില്‍ വീണ്ടും ഇതേ കോംബോ 35 രൂപ കൊടുത്തു വാങ്ങണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook