തിരുവനന്തപുരം: ക്യാമ്പ് ഫോളോവേഴ്‌സിനെ മടക്കി അയക്കണമെന്ന നിര്‍ദ്ദേശം പാലിക്കാതെ ഐപിഎസുകാര്‍. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും കര്‍ശനമായ നിര്‍ദ്ദേശം നൽകിയിട്ടും ദാസ്യപ്പണിയില്‍ നിന്നും ഇവരെ മോചിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ക്യാമ്പ് ഫോളോവേഴ്സ് ഉള്‍പ്പെടെ 36 പേരെ ഒപ്പം നിര്‍ത്തിയിട്ടുണ്ടെന്നും ആദ്യം പൊലീസ് മേധാവി മാതൃകയാകട്ടെയെന്നുമാണ് ഇവര്‍ പറയുന്നത്.

ഉത്തരകേരളത്തിലെ ഒരു ജില്ലയിലെ പൊലീസ് മേധാവിയുടെ വീട്ടില്‍ മൂന്ന് പേരെ നിര്‍ത്തിയിട്ടുണ്ട് അലക്കലും മറ്റ് വീട്ടു പണികളുമാണ് ഇവരെ കൊണ്ട് ചെയ്യിപ്പിക്കുന്നത്. ഇവരെ തിരിച്ചയക്കാന്‍ ക്യാമ്പ് ഓഫീസര്‍ വാക്കാല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് മേധാവി വഴങ്ങിയില്ലെന്നാണ് ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷന്‍ പറയുന്നത്.

അതേസമയം, ഡിജിപിയുടെ നിർദ്ദേശം പാലിക്കാതെ ക്യാമ്പ് ഫോളോവേഴ്സിനെ നിര്‍ത്തുന്നതിനെതിരേ ബുധനാഴ്‌ച മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് പ്രകാശ് ലാല്‍ പറഞ്ഞു. ഇത്തരത്തില്‍ ജോലി ചെയ്യുന്നവരുടെ വിവരങ്ങളും മുഖ്യമന്ത്രിക്ക് കൈമാറുമെന്നും അവര്‍ അറിയിച്ചു.

എട്ട്മാസം മുമ്പ് എഡിജിപി പൊലീസ് ആസ്ഥാനത്തുണ്ടായിരുന്നപ്പോള്‍ നടത്തിയ കണക്കെടുപ്പില്‍ കേരളത്തില്‍ 725 പേര്‍ പൊലീസ് മേധാവിയുടെ അനുമതിയില്ലാതെ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവരെ തിരികെ വിളിക്കാന്‍ നടപടിയുണ്ടായില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ