പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട സമരം അക്രമത്തിലേക്ക് നീങ്ങിയതോടെ നാലിടത്ത് ജില്ല കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ശബരിമല സന്നിധാനം, ഇലവുങ്കൽ, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലാണ് ജില്ല കളക്ടർ പിബി നൂഹ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. നാളെ മാത്രമാണ് നിരോധനാജ്ഞ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
നിലയ്ക്കലിൽ പ്രാർത്ഥനാ യജ്ഞം നടത്താനാണ് ജില്ല ഭരണകൂടം അനുമതി നൽകിയിരുന്നത്. എന്നാൽ ജില്ല ഭരണകൂടം നൽകിയ വിശ്വാസ്യത തകർക്കുന്ന നടപടികളാണ് പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ജില്ല കളക്ടർ പറഞ്ഞു.
കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് പൊലീസ് സമാധാനം പാലിച്ചതെന്ന് പിബി നൂഹ് പറഞ്ഞു. ഇനി നിലയ്ക്കലിൽ സമരം അനുവദിക്കില്ലെന്നും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ജില്ല കളക്ടർ വിശദീകരിച്ചു.
സന്നിധാനം മുതൽ ഇലവുങ്കൽ വരെ 30 കിലോമീറ്റർ പരിധിയിലാണ് നിരോധനാജ്ഞ. ഇന്ന് വൈകിട്ട് അഞ്ച് മണിവരെയാണ് പ്രാർത്ഥനായോഗത്തിന് അനുമതി നൽകിയിരുന്നത്. പലപ്പോഴും പൊലീസും സമരക്കാരും ഏറ്റുമുട്ടി. പത്തോളം മാധ്യമപ്രവർത്തകർക്കടക്കം പരിക്കേറ്റു. നിരവധി പേരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിലയ്ക്കലിൽ ഇനി പ്രതിഷേധപരിപാടികൾ നടത്താൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് ജില്ല ഭരണകൂടത്തിന്റെ ഇടപെടൽ.