കൊച്ചി: പുതുവൈപ്പ് ഐഒസി പ്ലാന്റുമായി ബന്ധപ്പെട്ട് ജനങ്ങൾ ഉന്നയിക്കുന്ന ആശങ്കകൾ ന്യായമാണെന്ന് വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട്. ഡോ. എൻ.പൂർണ ചന്ദ്ര റാവു അധ്യക്ഷനായി സംസ്ഥാന സർക്കാർ നിയമിച്ച വിദഗ്‌ധ സമിതിയുടേതാണ് റിപ്പോർട്ട്. സമിതി സമർപ്പിച്ച റിപ്പോർട്ട് സംസ്ഥാന സർക്കാർ ദേശീയ ഹരിത ട്രൈബ്യൂണലിന് കൈമാറി.
റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കുകയും സർക്കാർ ഹരിത ട്രൈബ്യൂണലിനു കൈമാറുകയും ചെയ്തു. ഐഒസി അനുമതി വാങ്ങിയപ്പോൾ ഉറപ്പു പറഞ്ഞ പല നിബന്ധനകളും പാലിച്ചില്ലെന്ന് വിദഗ്‌ധ സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. വേലിയേറ്റ മേഖലയിൽ നിന്ന് പാലിക്കേണ്ട 200-300 മീറ്റർ ദൂരം പാലിച്ചില്ലെന്ന് വിദഗ്‌ധ സമിതി ചൂണ്ടിക്കാട്ടി. പാരിസ്ഥിതിക നിബന്ധന ലംഘിക്കപ്പെട്ടതായി ഇതോടെ വ്യക്തമായി. ഇവിടെ ഐഒസി പണിത തീര മതിൽ പൊളിക്കണമെന്നും പകരം മണൽഭിത്തി പരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്ലാന്റ് നിർമ്മാണം മേൽനോട്ടം വഹിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, പ്ലാന്റ് പുതുവൈപ്പിൽ വേണ്ടെന്ന നിലപാടാണ് സമര സമിതിയുടേത്. സർക്കാർ നിയോഗിച്ച സമിതിയുടെ കണ്ടെത്തലും നിർദ്ദേശങ്ങളും അംഗീകരിക്കാനാവില്ലെന്ന് സമര സമിതി പ്രതിനിധികൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.