ചെന്നൈ: ഐഒസി പ്ലാന്റിനെതിരെ സമരം നടത്തിയ പുതുവൈപ്പ് സമരക്കാർക്ക് കനത്ത തിരിച്ചടി. ഐഒസിക്ക് പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ വിധിച്ചു. പുതുവൈപ്പിലെ ഐഒസി പ്ലാന്റിന്റെ നിർമ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹരിത ട്രൈബ്യൂണൽ തള്ളി. ഐഒസി പ്ലാന്റിന് സുരക്ഷ ഇല്ലെന്ന വാദം കോടതി തള്ളി. ജീവനും സ്വത്തിനും പദ്ധതി ഭീഷണിയാണെന്ന വാദം നിലനിൽക്കില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ നിരീക്ഷിച്ചു.
ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. ജസ്റ്റിസ് എം.എസ്.നമ്പ്യാരുടെ സിംഗിള്‍ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. പദ്ധതിക്ക് ആവശ്യമായ പരിസ്ഥിതികാനുമതി ഉണ്ടെന്നും കോടതി പറഞ്ഞു. പദ്ധതിയുമായി മുന്നോട്ട് പോകാമെന്നും കോടതി നിരീക്ഷിച്ചു.
എന്നാൽ കോടതി വിധിക്കെതിരെ രൂക്ഷമായ പ്രതികരണമാണ് പുതുവൈപ്പ് സമരസമിതി നടത്തിയത്. പദ്ധതി നടപ്പിലാക്കാൻ ഒരിക്കലും സമ്മതിക്കില്ലെന്നും ജനകീയ പ്രതിരോധം തീർക്കുമെന്നും പുതുവൈപ്പ് സമരക്കാർ പറഞ്ഞു.