കൊച്ചി: പാന്പാടി നെഹ്റു കോളേജിൽ മരിച്ച നിലയിൽ കാണപ്പെട്ട ജിഷ്ണു പ്രണോയി എന്ന വിദ്യാർത്ഥിയെ അധികൃതർ പീഡിപ്പിച്ചതിന് തെളിവുണ്ടെന്ന് എ എസ് പി കിരൺ നാരായൺ. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യാവാങ്ങ്മൂലത്തിലാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്. മാനസികവും ശാരീരികവുമായ പീഡനത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കോപ്പിയടിച്ചെന്ന് തെറ്റായി ആരോപിച്ചാണ് വിദ്യാർത്ഥിയെ പീഡിപ്പിച്ചതെന്നും പിന്നീട് ഡീബാർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇയാളെ പരീക്ഷാ ഹാളിൽ വിദ്യാർത്ഥികളുടെ മുന്നിൽ വച്ചും പിന്നീട് പ്രിൻസിപ്പലിന്റെ മുറിയിൽ വച്ചും ഭീഷണിപ്പെടുത്തി. എഴുതിയ ഉത്തരങ്ങളെല്ലാം വെട്ടിക്കളയാൻ നിർബന്ധിച്ചു. പിന്നീട് വെള്ളക്കടലാസിൽ പ്രിൻസിപ്പലിന്റെ മുറിയിൽ വച്ച് ഒപ്പ് രേഖപ്പെടുത്തി. മൂന്ന് വർഷത്തേക്ക് ഡീബാർ ചെയ്തു. ഇതോടെയാണ് വിദ്യാർത്ഥി മനോവിഷമത്തിലായത്.

2016 ൽ എൻ.ആർ.ഐ ക്വാട്ടയിൽ പ്രവേശനം നേടിയ ജിഷ്ണു, സർവ്വകലാശാല പരീക്ഷ പുന:ക്രമീകരിച്ച സംഭവത്തിലടക്കം പ്രതികരിച്ചിരുന്നു. ഇതിനായി വിദ്യാർത്ഥികളെ സംഘടിപ്പിക്കാനും ശ്രമിച്ചു. നാട്ടിൽ എസ്.എഫ്.ഐ രാഷ്ട്രീയ അടുപ്പമുണ്ടായിരുന്ന വിദ്യാർത്ഥിയെ അധികൃതർ മനപ്പൂർവ്വം പിടികൂടുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.

സിസിടിവി കൾ തകർത്തതും, ബോർഡ് റൂമിലെ രക്തക്കറ കഴുകി കളഞ്ഞതും, ജിഷ്ണുവിന്റേതെന്ന പേരിൽ വ്യാജരേഖ നൽകിയതും അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ വീഡിയോ ഹാർഡ് ഡിസ്ക് തകർത്തതും അധികൃതർ വിദ്യാർത്ഥിയെ പീഡിപ്പിച്ചിരുന്നു എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പൊലീസ് രേഖ പറയുന്നു.

നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജിയുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘത്തിന്റെ നിഗമനങ്ങൾ എ എസ് പി കോടതിയിൽ സമർപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ