തലശേരി: കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയോയെന്ന അന്വേഷണം തുടങ്ങി. സംഭവം നടന്നതിനുപിന്നാലെ പ്രതിയെ കസ്റ്റഡിയിലെടുക്കാതെ പറഞ്ഞുവിട്ടിരുന്നു. ഇതിൽ തലശേരി പൊലീസിന് സംഭവിച്ച വീഴ്ചയാണ് എഎസ്പി നിഥിൻ രാജ് അന്വേഷിക്കുക. സ്റ്റേഷൻ ഹൗസ് ഓഫീസർ, എസ്ഐ അടക്കമുള്ളവരിൽ നിന്ന് മൊഴിയെടുക്കും.
വ്യാഴാഴ്ച വൈകീട്ടാണ് തലശേരിയില്‍ വച്ച് രാജസ്ഥാന് സ്വദേശിയായ ഗണേഷ് എന്ന കുട്ടിക്ക് മര്‍ദനമേറ്റത്. കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദ് ചവിട്ടി തെറിപ്പിക്കുകയായിരുന്നു. ശിഹ്ഷാദിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
ശിഹ്ഷാദിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട് നാട്ടുകാരാണ് ശിഹ്ഷാദിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കാറിനുള്ളില്‍ ഉണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ശിഹ്ഷാദിന്റെ ആരോപണം.
കുട്ടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആദ്യ ഘട്ടത്തില്‍ പുറത്ത് വന്നിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. വ്യാപകമായി വിമര്‍ശനം ഉയരുകയും ബാലാവകാശ കമ്മിഷന്റെ ഇടപെടല്‍ വന്ന സാഹചര്യത്തിലുമാണ് പൊലീസ് നടപടിയിലേക്ക് കടന്നത്.
കുട്ടിക്കെതിരെ നടന്നത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടി. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.