കോഴിക്കോട്: ലീഗ് എംഎൽഎ കെ.എം.ഷാജിയുടെ വീട്ടിൽ പരിശോധന. കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് ഷാജിയുടെ വീടും സ്ഥലവും അളന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നിർദേശപ്രകാരമാണ് നടപടി. ഷാജിയുടെ സ്വത്ത് വിവരങ്ങൾ ശേഖരിക്കാൻ ഇഡി നേരത്തെ തീരുമാനിച്ചിരുന്നു. പ്ലസ് ടു കോഴക്കേസ് ഇഡിയുടെ അന്വേഷണ പരിധിയിലാണ്. ഇതുമായി ബന്ധപ്പെട്ടാണ് വീട്ടിൽ പരിശോധന നടത്തിയത്. പരിശോധന നടക്കുമ്പോൾ എംഎൽഎ വീട്ടിൽ ഉണ്ടായിരുന്നില്ല. പരിശോധനയുമായി ബന്ധപ്പെട്ട് നേരത്തെ നോട്ടീസ് നൽകിയിട്ടില്ല.

എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും

പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് കെ.എം.ഷാജി എംഎൽഎയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. നവംബർ പത്തിനാണ് ചോദ്യം ചെയ്യൽ. കോഴിക്കോട് ഇഡി നോർത്ത് സോൺ ഓഫീസിൽ വച്ചായിരിക്കും ചോദ്യം ചെയ്യൽ. ഷാജി അടക്കം 30 പേർക്ക് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.

Read Also: Kerala Weather: ന്യൂനമർദം തീവ്രന്യൂനമർദമായി, കേരളത്തിൽ ഒക്‌ടോബർ 24 വരെ മഴയ്‌ക്ക് സാധ്യത

എന്താണ് പ്ലസ് ടു കോഴക്കേസ് ?

ഹയർസെക്കൻഡറി അനുവദിക്കാൻ മാനേജ്‌മെന്റിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണമാണ് ഷാജിക്ക് ഇപ്പോൾ കുരുക്കായിരിക്കുന്നത്. 2017 ൽ അഴിക്കോട് സ്‌കൂൾ മാനേജ്‌മെന്റിൽ നിന്ന് ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി.

വിജിലൻസ് അന്വേഷണം

പ്ലസ് ടു കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരെ നേരത്തെ വിജിലൻസ് അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടിരുന്നു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പത്മനാഭന്റെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.