സംസ്ഥാനത്ത് 12 കോച്ചുള്ള മെമു സർവീസ് നടത്തും. കൊല്ലം-കായങ്കുളം-ആലപ്പുഴ-എറണാകുളം സെക്ഷനുകളെ ബന്ധിപ്പിച്ചുകൊണ്ടായിരുന്നു 12 കോച്ചുള്ള മെമു സർവീസ് നടത്തുക. നാളെ മുതൽ നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന പാസഞ്ചർ ട്രെയിനുകൾക്ക് പകരമായിരിക്കും പുതിയ മെമു സർവീസ് നടത്തുക.
പാസഞ്ചർ തീവണ്ടികൾക്കു പകരം ഇന്ത്യൻ റെയിൽവേ നടപ്പാക്കിയ യാത്രാസംവിധാനമാണ് മെമു അഥവാ മെയിൻ ലൈൻ ഇലക്‌ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്. അതിവേഗത്തിലോടുന്ന മെമുവിന് എട്ട്, 12 എന്നിങ്ങനെ കോച്ചുകൾ(കാർ) ഉണ്ട്. രണ്ട് കമ്പാർട്ടുമെന്റ് ഒരു യൂണിറ്റ് എന്ന വിധമാണ് രൂപകല്പന. മെമു ഓടിക്കാൻ നിലവിലുള്ള പാളവും പ്ലാറ്റ്‌ഫോമും മതി. സാധാരണ തീവണ്ടിയെപ്പോലെ ഒരറ്റത്ത് ഘടിപ്പിക്കുന്ന എൻജിനിലല്ല ഇത് പ്രവർത്തിക്കുന്നത്. ഇതിന് ഇരുവശത്തും ഡ്രൈവിങ് കാബിനുണ്ട്. മറ്റു വണ്ടിയിലെപ്പോലെ എൻജിൻ മാറ്റുന്നത് (ഷണ്ടിങ്) ആവശ്യമില്ലാത്തതിനാൽ വന്ന പ്ലാറ്റ്‌ഫോമിൽനിന്നുതന്നെ വണ്ടി വിടാം. ഡ്രൈവർ ഒരറ്റത്തെ കാബിനിൽനിന്നിറങ്ങി മറ്റേ അറ്റത്തേ കാബിനിൽ എത്തിയാൽ മതിയാകും.
1. കൊല്ലം-ആലപ്പുഴ റൂട്ടിൽ ഓടിക്കൊണ്ടിരുന്ന പാസഞ്ചർ (Train No.56300) ട്രെയിനിന് പകരം 12 കോച്ചുള്ള കൊല്ലം-ആലപ്പുഴ (Train No.66312) മെമു സർവീസ് നടത്തും.
2. ആലപ്പുഴ-എറണാകുളം പാസഞ്ചറിന് ( Train No.56302 )പകരം ആലപ്പുഴ-എറണാകുളം (Train No.66314) മെമു സർവീസ് നടത്തും.
3. ആലപ്പുഴ വഴി പോകുന്ന എറണാകുളം-കായങ്കുളം പാസഞ്ചർ ട്രെയിനിന് (Train No.56381) പകരം എറണാകുളം-കായങ്കുളം മെമു (Train No.66315) സർവീസ് നടത്തും.
4. ആലപ്പുഴ വഴി പോകുന്ന കായങ്കുളം – എറണാകുളം പാസഞ്ചർ ട്രെയിനിന് ( Train No.56382) പകരം കായങ്കുളം – എറണാകുളം മെമു (Train No.66316) സർവീസ് നടത്തും.
5. എറണാകുളം – ആലപ്പുഴ പാസഞ്ചർ ട്രെയിനിന് (Train No.56303) പകരം എറണാകുളം – ആലപ്പുഴ മെമു (Train No.66313) സർവീസ് നടത്തും.
6. ആലപ്പുഴ – കൊല്ലം പാസഞ്ചർ ട്രെയിനിന് (Train No.56301) പകരം ആലപ്പുഴ – കൊല്ലം മെമു (Train No.66311) സർവീസ് നടത്തും.