തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി നിയമമന്ത്രി പി രാജീവാണ് ബില്‍ അവതരിപ്പിച്ചത്. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റി പകരം വിദ്യാഭ്യാസവിചക്ഷണര്‍ അല്ലെങ്കില്‍ വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം ഉള്ളവരെയോ നിയമിക്കാമെന്നതാണ് ബില്ലിന്റെ ഉള്ളടക്കം. എന്നാല്‍ ബില്ലില്‍ ഒരുപാട് നിയമ പ്രശ്നങ്ങള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് കുറ്റപ്പെടുത്തി.
ചാന്‍സലര്‍സ്ഥാനത്തേക്കുള്ള നിയമനം അഞ്ചുവര്‍ഷമായിരിക്കും. എന്തെങ്കിലും സ്വഭാവദൂഷ്യ ആരോപണമോ മറ്റു പ്രശ്നങ്ങളോ ഉണ്ടായാല്‍ ചാന്‍സലറെ സ്ഥാനത്തുനിന്ന് നീക്കാന്‍ സര്‍ക്കാരിന് പുതിയ ഭേദഗതിബില്‍ അധികാരം നല്‍കും. അതേസമയം ബില്‍ യുജിസി മാനദണ്ഡങ്ങള്‍ക്കെതിരാണെന്നും ആരെ വേണമെങ്കിലും ചാന്‍സലര്‍ ആക്കാവുന്ന വിധമുള്ള തട്ടികൂട്ടിയ ബില്‍ ആണെന്നും പ്രതിപക്ഷം ആരോപിച്ചു. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടെങ്കിലും പകരം കൊണ്ടുവരുന്ന സംവിധാനത്തില്‍ നിയമപ്രശ്നങ്ങളുണ്ടെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. ചാന്‍സലറുടെ ഒഴിവ് ഉണ്ടായാല്‍ താല്‍ക്കാലികമായി പ്രോ വൈസ് ചാന്‍സലര്‍ക്ക് അധികാരം നല്‍കാമെന്നാണ് ബില്ലില്‍ പറയുന്നത്. ചാന്‍സലറുടെ കാലാവധിയില്‍ മാത്രമേ പ്രോ വൈസ് ചാന്‍സലര്‍ക്ക് അധികാരത്തില്‍ ഇരിക്കാന്‍ കഴിയൂ എന്നാണ് യുജിസി നിയമമെന്നും വി ഡി സതീശന് പറഞ്ഞു.
ചാന്‍സലറായി വിദ്യാഭ്യാസം, കൃഷി, വൈദ്യം, സാമൂഹികരംഗം, ചരിത്രം, പൊതുഭരണം, നിയമം, കല എന്നിവയില്‍ വിദഗ്ധരായ ആരെയും നിയമിക്കാമെന്നാണ് ബില്ലില്‍ പറയുന്നത്. ഇതനുസരിച്ച് ഫിഷറീസ് സര്‍വകലാശാലയില്‍ കലാകാരനെ നിയമിക്കാം. തുഞ്ചത്തെഴുത്തച്ഛന്‍ സര്‍വകലാശാലയില്‍ ശാസ്ത്രജ്ഞനെ വയ്ക്കാം. ഓരോ സര്‍വകലാശാലയിലും നിയമിക്കേണ്ട ചാന്‍സലറുടെ യോഗ്യതകള്‍ പ്രത്യേകം പറയുന്നില്ലെന്നും ശ്രദ്ധയില്ലാതെയാണ് ബില്‍ തയാറാക്കിയത്. യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ക്കും സുപ്രീം കോടതി വിധികള്‍ക്കും വിരുദ്ധമായ ബില്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു.