മൂന്നാർ: സാധാരണ ജീവിതത്തിന്റെ താളം തെറ്റിച്ച കൊറോണക്കാലം വിവാഹങ്ങള്‍ക്കും വെല്ലുവിളിയായിരുന്നു. ലോക്ക് ഡൗണിന്റെ ആദ്യകാലത്ത് നിശ്ചയിച്ച വിവാഹങ്ങള്‍ മുടങ്ങിയെങ്കില്‍ പിന്നീട് നിയന്ത്രണങ്ങള്‍ പാലിച്ച് വിരലിലെണ്ണാവുന്ന ബന്ധുക്കളെ മാത്രം സാക്ഷിയായി പലരും പുതുജീവിതം ആരംഭിച്ചു. ഇതിനിടെ ഓണ്‍ലൈനിലൂടെ താലിക്കെട്ടിയ സംഭവങ്ങളും നടന്നു.
ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ മൂന്ന് വിവാഹമാണ് കഴിഞ്ഞദിവസം ഇടുക്കിയിലെ കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ നടന്നത്. വരന്മാരെല്ലാം തമിഴ്നാട്ടില്‍നിന്ന്. വധുക്കള്‍ കേരളീയരും. ഇരുസംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന വനപാതയില്‍ അതിര്‍ത്തിയിലെ എക്സൈസ് ചെക്ക്പോസ്റ്റിന് സമീപമായിരുന്നു താലികെട്ട്. വരന്മാരും അടുത്ത ബന്ധുക്കളും ചെക്ക്പോസ്റ്റിനു സമീപം തമിഴ്നാട് ഭാഗത്തും വധുക്കളും ബന്ധുക്കും കേരളഭാഗത്തും അണിനിരന്നു. പിന്നീട് വരന്മാര് മാത്രം കേരളത്തിന്റെ ഭാഗത്തേക്ക് പ്രവേശിച്ച് താലിചാര്‍ത്തുകയായിരുന്നു.
ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ അതിര്‍ത്തിചെക്ക് പോസ്റ്റാണ് വിവാഹ വേദിയായത്. വിപുലമായ ആചാരങ്ങളോടെയായിരുന്നില്ല വിവാഹങ്ങള്‍. പൂജാരികളോ പുരോഹിതരോ ചടങ്ങിലുണ്ടായിരുന്നില്ല. പങ്കെടുത്തത് ഇരുകൂട്ടരുടെയും അടുത്ത ബന്ധുക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാത്രം. 20 മുതല്‍ 40 മിനിറ്റുകളുടെ ഇടവേളയിലായിരുന്നു മൂന്ന് വിവാഹവും നടന്നത്.

പയസ്നഗര്‍ കരുംമ്പാറ സ്വദേശി സുഹന്യ – ജല്ലിപെട്ടി കുറിച്ചിക്കോട്ട സ്വദേശി മണികണ്ഠന്, മിഷന്‍വയല്‍ സ്വദേശി വേദക്കനി – അമരാവതി സ്വദേശി മുത്തപ്പരാജ്, മാട്ടുപ്പെട്ടി കൂടര്വള സ്വദേശി കസ്തൂരി – ചെന്നൈ മീനമ്പക്കം സ്വദേശി എന്നിവരാണ് അതിര്‍ത്തിയില്‍ വിവാഹിതരായത്. ഒരു വിവാഹം ഹൈന്ദവ ആചാരപ്രകാരവും രണ്ടെണ്ണം ക്രിസ്ത്യന്‍ ആചാരപ്രകാരവുമാണ് നടന്നത്.

നേരത്തെ നിശ്ചയിച്ചിരുന്ന ഈ വിവാഹങ്ങള്‍ ലോക്ക്ഡൗണില്‍ നീട്ടിവച്ചതായിരുന്നു. ഒടുവില്‍ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെയാണ് ഇവ അതിര്‍ത്തിയില്‍വച്ച് നടത്തിയത്. ദിനംപ്രതി കൊറോണ കേസുകള്‍ വര്‍ധിച്ചുവരുന്ന തമിഴ്നാട്ടില്‍ നിന്ന് ആളുകള്‍ കേരളത്തിലേക്ക് എത്തുമ്പോള്‍ അത് സംസ്ഥാനത്ത് അപകടസാധ്യത വര്‍ധിപ്പിക്കും. ഇതിനാലാണ് ഇവിടെനിന്ന് ആളുകളെ അങ്ങോട്ടുവിടുന്നതിനും പകരമാണ് അതിര്‍ത്തിയില്‍ വച്ച് കല്യാണം നടത്താന്‍ തീരുമാനിച്ചതെന്ന് കാന്തല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അരുണ്‍ കുമാര്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
”ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍, വളരെ കുറച്ച് ആളുകളെ മാത്രം പങ്കെടുപ്പിച്ചും സാമൂഹിക അകലം പാലിച്ചുമാണു വിവാഹങ്ങള്‍ നടത്തിയത്. ഓരോ വിവാഹത്തിനു മുമ്പും ശേഷവും പ്രദേശവും മാല ഉള്‍പ്പടെയുള്ള വസ്തുക്കളും അണുവിമുക്തമാക്കി. പാസ് എടുക്കുമ്പോള്‍ മുന്‍കൂട്ടി തീരുമാനിച്ചതു പ്രകാരം മൂന്ന് വിവാഹവും യാദൃശ്ചികമായി ഒന്നിച്ചുവരികയായിരുന്നു,” അരുണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യപ്രവര്‍ത്തകര്‍ക്കു പുറമെ പൊലീസ് – എക്സൈസ് ഉദ്യോഗസ്ഥരും ചടങ്ങുകള്‍ക്കു സഹായവുമായെത്തി.
കൊറോണയുള്ളതിനാൽ നമ്മുടെ കൂടെ സുരക്ഷയ്ക്ക് വേണ്ടിയാണ് അതിർത്തിയിൽ വച്ച് തന്നെ കല്ല്യാണം നടത്താൻ തീരുമാനിച്ചതെന്ന് തമിഴ്നാട്ടിലേക്ക് വിവാഹം കഴിച്ച് പോയ സുഹന്യയുടെ അമ്മ സുധാ പറഞ്ഞു. “ജൂൺ 24ന് തന്നെയാണ് നേരത്തെ കല്ല്യാണം നടത്താൻ തീരുമാനിച്ചത്. ഞങ്ങളുടെ തന്നെ തീരുമാനമായിരുന്നു ഇത്. ആരോഗ്യവകുപ്പിനെ ഇത് അറിയിച്ചപ്പോൾ അവർ സമ്മതം അറിയിക്കുകയും എല്ലാ സഹായങ്ങളും ചെയ്ത് തരുകയും ചെയ്തു. കല്ല്യാണത്തിന് ഉൾപ്പടെ സാറുമാരുണ്ടായിരുന്നു.” സുധ പറഞ്ഞു. നേരത്തെ തന്നെ എല്ലാവരെയും വിളിച്ച് ഉറപ്പിര് നടത്തിയതിനാൽ കല്ല്യാണത്തിന് അധികം ആളുകൾ പങ്കെടുക്കാത്തതിൽ വിഷമമില്ല. എല്ലാവരും അസുഃഖം ഒന്നും വരാതെ നന്നായി ജീവിച്ച മതിയെന്നും അവർ കൂട്ടിച്ചേർത്തു.
കേരളത്തിൽ നടത്തിയ പരിശോധനയ്ക്ക് പുറമെ തമിഴ്നാട്ടിലും പരിശോധന നടത്തിയിരുന്നു. രണ്ടുപേരും വീട്ടിൽ സുരക്ഷിതമായി എത്തിയെന്നും വീട്ടുകാർ പറഞ്ഞു.
വിവാഹത്തിനുശേഷം തമിഴ്നാട്ടിലേക്കു പ്രവേശിച്ച വധുവരന്മാര് നേരെ വരന്മാരുടെ വീട്ടിലേക്കാണു മടങ്ങിയത്. അവര്‍ക്കു കൊണ്ടുപോകേണ്ട ലഗേജുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നേരത്തെ തന്നെ അതിര്‍ത്തിക്കപ്പുറം എത്തിച്ചിരുന്നു. വധുക്കളെ തമിഴ്നാട്ടില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. ജൂണ്‍ ഏഴിന് സമാന രീതിയില്‍ ഒരു വിവാഹം ചെക്ക്പോസ്റ്റില്‍ നടന്നിരുന്നു.
Read More: Kerala-TN border checkpost turns into wedding venue for three couples