മുംബൈ: കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. നീരവ് മോദിയുടെ സഹോദരൻ നിശാൽ മോദിക്കെതിരെയും നീരവിന്റെ കമ്പനി എക്‌സിക്യൂട്ടീവ് സുഭാഷ് പറബ് എന്നിവർക്കെതിരെയും റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) നിന്ന് 13,000 കോടി രൂപയിലേറെ വായ്‌പയെടുത്തു മുങ്ങിയ കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് നീരവ് മോദി. റെഡ് കോർണർ നോട്ടീസ് അനുസരിച്ച് ഇന്റർപോളിലെ അംഗരാജ്യങ്ങളിൽ എവിടെ നീരവ് മോദിയുണ്ടെങ്കിലും അറസ്റ്റ് ചെയ്യാൻ സാധിക്കും. നോട്ടീസിൽ നീരവ് മോദിയുടെ ഫോട്ടോ, വയസ്സ്, മറ്റു വിവരങ്ങൾ എന്നിവയുണ്ട്.
നീരരവ് മോദിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം സിബിഐ ഇന്റർപോളിനെ സമീപിച്ചിരുന്നു. ഇതനുസരിച്ചാണ് ഇപ്പോൾ നോട്ടീസ് പുറപ്പെടുവിച്ചത്.
Red Corner Notice issued against Nirav Modi by Interpol in connection with #PNBScamCase pic.twitter.com/pOeE09SCUy
— ANI (@ANI) July 2, 2018
തട്ടിപ്പ് പുറത്തായതോടെ കഴിഞ്ഞ ജനുവരിയിലാണ് നീരവ് മോദി മറ്റുളളവരും രാജ്യം വിട്ടത്. ഇന്ത്യ വിട്ട നീരവ് മോദി പല രാജ്യങ്ങളിൽ സഞ്ചരിച്ചതായി സിബിഐയ്‌ക്ക് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് നീരവ് മോദിയെക്കുറിച്ചുളള വിവരം എന്തെങ്കിലും ലഭിക്കുകയാണെങ്കിൽ കൈമാറണമെന്ന് ആവശ്യപ്പെട്ട് യുകെ, ഫ്രാൻസ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾക്ക് കത്തെഴുതിയിരുന്നു.