കൊച്ചി: അന്താരാഷ്ട്ര വനിത ദിനമായ മാര്‍ച്ച് എട്ടാം തീയതി സ്ത്രീകള്‍ക്ക് സമ്മാനവുമായി കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍). മെട്രൊയുടെ ഏത് സ്റ്റേഷനില്‍ നിന്നും 20 രൂപയ്ക്ക് ടിക്കറ്റ് എടുത്ത് എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാന്‍ സാധിക്കും. കെഎംആര്‍എല്‍ അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവുമധികം തവണ കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത മൂന്ന് സ്ത്രീകളെ കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ ഉച്ചയ്ക്ക് 12 മണിക്ക് കലൂര്‍ മെട്രോ സ്റ്റേഷനില്‍ ആദരിക്കും. മെട്രൊ യാത്രക്കാരായ സ്ത്രീകൾക്കായി നാല് സ്റ്റേഷനുകളിൽ നാപ്കിൻ വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാനും തീരുമാനമായി.
ഇടപ്പള്ളി, കലൂർ, മഹാരാജാസ്, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിലാണ് ഈ സൗകര്യം ഒരുങ്ങുക. വെൻഡിങ് മെഷീനുകളിൽ നിന്ന് സ്ത്രീകൾക്ക് സൗജന്യമായി നാപ്കിനുകൾ ലഭിക്കും. വനിത ദിനത്തില്‍ തന്നെയാണ് പദ്ധതിയുടെ ഉദ്ഘാടനവും.