തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്‌ക്കൽ ലൈഫ് സയന്‍സ് പാര്‍ക്കിലെ അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ‌്യൂട്ടിന്റെ ആദ്യഘട്ട പ്രവര്‍ത്തനം നാളെ ആരംഭിക്കും. ഇന്‍സ്റ്റിറ്റ‌്യൂട്ടിന്റെ പ്രവര്‍ത്തനോദ്ഘാടനം രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ചടങ്ങില്‍ ഡപ്യൂട്ടി സ്‌പീക്കർ വി.ശശി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.കെ.ശൈലജ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.

കോവിഡ് മഹാമാരിയോട് പൊരുതിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ ഒരുപാട് സന്തോഷം നൽകുന്ന വാർത്തയാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധങ്ങളായ വൈറസുകളേയും, വൈറസ് അണുബാധകളേയും കുറിച്ച് ആഴത്തിൽ ഗവേഷണങ്ങള്‍ നടത്തുന്നതിനും അതിന്റെ ക്ലിനിക്കൽ വശങ്ങള്‍ അവലോകനം ചെയ്യുന്നതിനും മാത്രമായി ഒരു ആധുനിക കേന്ദ്രം നമ്മുടെ നാട്ടിലും സജ്ജമായിരിക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം കുറിച്ചു.

Read Also: ആരോപണങ്ങൾ ഭയന്ന് വികസന പദ്ധതികൾ ഉപേക്ഷിക്കില്ല; നയം വ്യക്തമാക്കി പിണറായി

വൈറോളജി ഇൻസ്റ്റിറ്റ‌്യൂട്ട് പ്രവര്‍ത്തന ക്ഷമമാകുന്നതോടെ സാംക്രമിക രോഗങ്ങളേയും രോഗവ്യാപനങ്ങളേയും കുറിച്ച് കൂടുതൽ അറിവു നേടുന്നതിനും അവയെ പ്രതിരോധിക്കുന്നതിനും കൂടുതൽ കരുത്ത് നേടുമെന്നത് നിശ്ചയമാണ്. പ്രശസ്‌ത വൈറോളജി വിദഗ്‌ധനായ ഡോ.അഖിൽ ബാനര്‍ജി സ്ഥാപനത്തിന്റെ മേധാവിയായി സ്ഥാനമേറ്റെടുത്തിട്ടുണ്ട്. മറ്റു നിയമനങ്ങളും ദ്രുതഗതിയിൽ നടന്നു വരികയാണ്. രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്ക് മുതൽക്കൂട്ടായി വൈറോളജി ഇൻസ്റ്റിറ്റ‌്യൂട്ട് മാറുമെന്ന് പ്രത്യാശിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

വൈറോളജി ഇന്‍സ്റ്റിറ്റ‌്യൂട്ട്, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. അന്താരാഷ്ട്ര ഏജന്‍സിയായ ഗ്ലോബല്‍ വൈറസ് നെറ്റ്‌വർക്കിന്റെ സഹായത്തോടെ വിവിധ രാജ്യങ്ങളിലെ വൈറോളജി ഗവേഷണ സ്ഥാപനങ്ങളുമായി ആശയവിനിമയത്തിനുള്ള അവസരവും ഇന്‍സ്റ്റിറ്റ‌്യൂട്ടിന് ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.