കോഴിക്കോട്: ഷോപ്പിംഗ് മാളും മൾട്ടിപ്ലക്സ് തിയേറ്ററുകളുമായി കോഴിക്കോട് റയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര പദവിയിലേക്ക് ഉയരും. ദക്ഷിണേന്ത്യയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തേണ്ട റയിൽവേ സ്റ്റേഷനായി കോഴിക്കോടിനെ തിരഞ്ഞെടുത്തതായി എം.കെ.രാഘവൻ എം.പി അറിയിച്ചു.
റയിൽവേ സ്റ്റേഷന് സ്ഥല സൗകര്യമുള്ളതിനാലാണ് ആദ്യത്തെ തവണ തന്നെ കോഴിക്കോടിന് നറുക്ക് വീണത്. എല്ലാ പ്ലാറ്റ്ഫോമുകളിലും ആധുനിക സൗകര്യങ്ങൾ എല്ലാം ഏർപ്പെടുത്താനും മൂന്ന് മൾട്ടിപ്ലക്സ് തിയേറ്ററുകളുള്ള ഷോപ്പിംഗ് മാൾ ആരംഭിക്കാനുമാണ് തീരുമാനം. 45 വർഷത്തേക്ക് സ്വകാര്യ പങ്കാളിത്തതോടെ നടപ്പാക്കുന്ന പദ്ധതിയുടെ ടെണ്ടർ നടപടികൾ വേഗത്തിൽ ആരംഭിക്കും.
തീവണ്ടി സമയം, കോച്ചുകളുടെ ക്രമം തുടങ്ങി എല്ലാ വിവരങ്ങളും റയിൽവേ സ്റ്റേഷനിൽ അപ്പപ്പോൾ ലഭ്യമാകും. ഇതിനായി എല്ലാ പ്ലാറ്റ്ഫോമുകളിലും ഡിജിറ്റൽ ബോർഡുകൾ സ്ഥാപിക്കും. യാത്രക്കാരുടെ സൗകര്യത്തിനായി എല്ലായിടത്തും എസ്കലേറ്ററുകളും സ്ഥാപിക്കും. ശീതീകരിച്ച വിശ്രമ മുറികളാണ് മറ്റൊരു പ്രധാന സവിശേഷതായി മാറുക. കേരളത്തിന്റെ റയിൽവേ വികസനത്തിൽ നാഴികക്കല്ലായി ഈ പദ്ധതി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.