കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യാന്തര വിമാന സർവീസ് റദ്ദാക്കിയ നടപടി ജൂലൈ 15 വരെ നീട്ടി. ജൂൺ 30 വരെയാണ് നേരത്തെ സർവീസുകൾ റദ്ദാക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നത്. അതേസമയം തിരഞ്ഞെടുത്ത റൂട്ടുകളിൽ പ്രത്യേക സാഹചര്യത്തിൽ സർവീസുകൾ ആരംഭിച്ചേക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം സൂചന നൽകി.

വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിന് ആരംഭിച്ച വന്ദേ ഭാരത് സർവീസുകൾക്ക് നിയന്ത്രണം ബാധകമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. അന്താരാഷ്ട്ര കാര്‍ഗോ സര്‍വീസുകള്‍ക്കും പ്രവാസികളെ കൊണ്ടുവരാനുള്ള പ്രത്യേക സര്‍വീസുകളും തുടരുമെന്നും വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 25നാണ് രാജ്യാന്തര വിമാന സർവീസുകൾ റദ്ദാക്കിയത്. മെയ് ആറു മുതൽ വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയർ ഇന്ത്യ വിമാനങ്ങൾ വിദേശത്ത് നിന്ന് സർവീസ് നടത്തിയിരുന്നു. വിദേശത്ത് നിന്നും ആയിരകണക്കിന് ആളുകളാണ് ഇത്തരത്തിൽ നാട്ടിലെത്തിയത്. ദൗത്യം ഇപ്പോഴും തുടരുകയാണ്. മെയ് 25 മുതൽ എയർ ഇന്ത്യയും സ്വകാര്യ വിമാന കമ്പനികളും ആഭ്യന്തര സർവീസും ആരംഭിച്ചിരുന്നു.

അതേസമയം ദുബായില്‍ താമസിക്കുന്നവര്‍ക്ക് ജൂണ്‍ 22 മുതല്‍ തിരിച്ചുചെല്ലാന്‍ അവിടത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ദുബായിലേക്ക് ഉടനെ വിമാന സര്‍വീസ് പുനഃരാരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ദുബായ് ഉള്‍പ്പെടെ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന ധാരാളം പേര്‍ തിരിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ കാത്തിരിക്കുകയാണ്. ഇതു കണക്കിലെടുത്ത് ദുബായിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാന്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.