കോഴിക്കോട്: ഒന്നരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷമുള്ള ലയനത്തിന്റെ ആരവം നിലയ്ക്കുംമുമ്പേ ‘ജിന്ന് പിടികൂടിയ’ മുജാഹിദ് പ്രസ്ഥാനത്തില്‍ ആഭ്യന്തര കലഹം. സിനിമ, നാടകം, സംഗീതം തുടങ്ങി ആധുനിക കലാരൂപങ്ങളോടുള്ള സമീപനം, ജിന്ന്-സിഹ്‌റ് ഉള്‍പ്പെടെയുള്ള അന്ധവിശ്വാസങ്ങളെ പുനഃരാനയിക്കാനുള്ള ശ്രമം എന്നിവയെച്ചൊല്ലി സംഘടനയില്‍ ആശയസംഘര്‍ഷം രൂക്ഷം. ഇതേത്തുടര്‍ന്നു ലയനചര്‍ച്ചകളുടെ സൂത്രധാരന്‍ എ. അസ് ഗറലി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) സെക്രട്ടറി സ്ഥാനം രാജിവച്ചു. ലയനത്തിനു മുന്‍പ് ഡോ. ഹുസൈന്‍ മടവൂര്‍ നേതൃത്വം നല്‍കിയ കെ.എന്‍.എം. വിഭാഗത്തിന്റെ നേതാവായിരുന്നു അസ്ഗറലി.
2002ല്‍ ഇരുവിഭാഗങ്ങളായി പിളര്‍ന്ന മുജാഹിദ് സംഘടനകള്‍ 2016 ഡിസംബര്‍ 20-നാണ് ഒന്നായത്. കേരളത്തില്‍ മുസ്ലിം സമുദായത്തിനകത്ത് നവോത്ഥാനത്തിന്റെ വേര് പടര്‍ത്തിയ മുജാഹിദ് പ്രസ്ഥാനം അന്ധവിശ്വാസങ്ങളെ പുനഃരാനയിക്കാനുള്ള ശ്രമത്തിന്റെ പേരിലാണു വീണ്ടും പ്രതിസന്ധിയിലായിരിക്കുന്നതെന്നതാണു ഇപ്പോൾ എതിരായി ഉയർന്നിരിക്കുന്ന വിമർശനം. ഗള്‍ഫ് സലഫിസത്തിന്റെ പ്രേതം സംഘടനയെ വേട്ടയാടുന്നുവെന്നാണു ഒരുവിഭാഗം പ്രവര്‍ത്തകരുടെ ശക്തമായ വികാരം. നേരത്തെ ഇത്തരം പ്രശ്‌നങ്ങളുടെ പേരിലാണു സംഘടനയില്‍ പിളര്‍പ്പുണ്ടായത്. ലയനം നടന്ന് ഒന്നര മാസമായെങ്കിലും ഇരുവിഭാഗങ്ങളും തമ്മില്‍ മാനസികമായ ഐക്യം സംഭവിച്ചിട്ടില്ലെന്നാണ് സംഘടനയുടെ ചില നേതാക്കളില്‍നിന്ന് ലഭിക്കുന്ന വിവരം. ഇതിനുപിന്നാലെയാണു കൂനിന്മേല്‍ കുരുപോലെ ‘ജിന്ന്-സിഹ്‌റ്’ വിവാദത്തെച്ചൊല്ലി ഇരുവിഭാഗവും പഴയ നിലപാടിലേക്കു തിരിഞ്ഞത്.
വിചിന്തനം വാരികയുടെ ഫെബ്രുവരി മൂന്നിനു പുറത്തിറങ്ങിയ ലക്കത്തില്‍ ഇരുവിഭാഗത്തിലെയും മുതിര്‍ന്ന നേതാക്കളായ എ.അസ്‌ഗറലിയും എം. അബ്ദുള്‍ റഹ്മാന്‍ സലഫിയുടെയും ചേര്‍ന്നെഴുതിയ ‘ഒരു വിശദീകരണം’ എന്ന ലേഖനമാണ് സംഘടനയ്ക്കുള്ളില്‍ രൂക്ഷമായ ആശയഭിന്നതയ്ക്കു കാരണമായത്. ലയനത്തിനു മുന്‍പ് കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനി നേതൃത്വം നല്‍കിയ ഔദ്യോഗികവിഭാഗത്തിന്റെ മുഖപ്രസിദ്ധീകരണമാണു വിചിന്തനം. അസ്ഗറലിയെപ്പോലെ ലയനചര്‍ച്ചകളുടെ ഔദ്യോഗിക വിഭാഗത്തിന്റെ സൂത്രധാരനാണ് അബ്ദുള്‍ റഹ്മാന്‍ സലഫി.
ലേഖനത്തെച്ചൊല്ലി സംഘടനയ്ക്കുള്ളില്‍ കടുത്ത പ്രതിഷേധമയുര്‍ന്നതോടെ ജിന്ന്-സിഹ്‌റ് അനുകൂലികള്‍ക്കു മറുപടിയുമായി ഹുസൈന്‍ മടവൂര്‍ വിഭാഗം രംഗത്തെത്തിയതു പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി. അഭിവക്ത മുജാഹിദ് പ്രസ്ഥാനത്തിന്റെ കാലത്ത് അന്ധവിശ്വാസങ്ങള്‍ക്കെതിരേ മൂസ വാണിമേല്‍ എഴുതിയ ‘സിഹ്‌റും വിവാദങ്ങളും’ എന്ന ലേഖനം പുന:പ്രസിദ്ധീകരിച്ചാണു മടവൂര്‍ വിഭാഗത്തിന്റെ തിരിച്ചടി. മടവൂര്‍ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ശബാബ് വാരികയുടെ ഫെബ്രുവരി പത്തിന്റെ ലക്കത്തില്‍ ‘വീണ്ടും വായിക്കാന്‍’ എന്ന പംക്തിയിലാണു ലേഖനം പുനഃപ്രസിദ്ധീകരിച്ചത്. അഭിവക്ത മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രസിദ്ധീകരണമായ അല്‍മനാര്‍ മാസികയില്‍ 1982 നവംബറിലാണു മൂസ വാണിമേലിന്റെ ലേഖനം ആദ്യമായി പ്രസിദ്ധീകരിച്ചത്. അല്‍മനാര്‍ മാസിക ഇപ്പോള്‍ അബ്ദുല്ലക്കോയ മദനി വിഭാഗത്തിന്റെ നിയന്ത്രണത്തിലാണിപ്പോള്‍.

ആഭിചാരം, ക്ഷുദ്രം, ഇന്ദ്രജാലം, ചെപ്പടിവിദ്യ, മായതന്ത്രം, വശീകരണം, ജാലവിദ്യ, കണ്‍കെട്ട്, മാരണം എന്നീ അര്‍ഥങ്ങളില്‍ മൊത്തത്തില്‍ ഉപയോഗിക്കുന്ന വാക്കെന്നാണു സിഹ്‌റിനു മതപണ്ഡിതര്‍ നല്‍കുന്ന വിശദീകരണം. ‘യഥാര്‍ഥത്തില്‍ ഇല്ലാത്ത കാര്യം, വഞ്ചനയുടേതായ ഏതെങ്കിലും മാര്‍ഗം ഉപയോഗിച്ച് യഥാര്‍ഥമാണെന്ന് കണ്ണില്‍ കാണിക്കുകയോ മനസില്‍ തോന്നിക്കുകയോ ചെയ്യുന്ന ക്ഷുദ്രവൃത്തി എന്ന നിര്‍വചനത്തില്‍ സിഹ്‌റിന്റെ ഏതാണ്ടെല്ലാ ഘടകങ്ങളും ഉള്‍പ്പെടുമെന്നു തോന്നുന്നു’ വെന്നാണു മൂസ വാണിമേല്‍ സിഹ്‌റിനെക്കുറിച്ച് പറയുന്നത്. തലമുറകളിലൂടെ കൈമാറ്റം നടത്തപ്പെടുകയും കെട്ടുകഥകളിലൂടെ ഭീകരത സ്ഥാപിക്കപ്പെടുകയും അതുകൊണ്ടുതന്നെ ആളുകള്‍ ഭയത്തോടെ നോക്കിക്കാണുകയും ചെയ്യുന്ന കേവല മിഥ്യയാണു വാസ്തവത്തില്‍ സിഹ്‌റ്. സ്വന്തമായ അന്തസത്തയോ നിലനില്‍പ്പോ പ്രതിഫലനമോ അതുള്‍ക്കൊള്ളുന്നില്ലെന്നും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ജിന്ന്-സിഹ്‌റ് ബാധ ഫലിക്കില്ലെന്ന നിലപാടാണു മടവൂര്‍ വിഭാഗത്തിനുള്ളതെങ്കില്‍ വിരുദ്ധമായ വിശ്വാസമാണു മറുവിഭാഗത്തില്‍ ബഹുഭൂരിപക്ഷത്തിനും. സിഹ്‌റ് ഫലിക്കുമെന്ന നിലപാട് ലേഖനത്തിലുണ്ടെന്നും ഇത് അന്ധവിശ്വാസത്തിലേക്കുള്ള തിരിഞ്ഞുനടപ്പാണെന്നുമാണു മടവൂര്‍ വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. വിശ്വാസം, കല, സംസ്‌കാരം, നവോത്ഥാനം തുടങ്ങിയ മേഖലകളില്‍ പ്രതിലോമകരമായ നിലപാടുകളാണ് ലേഖനം മുന്നോട്ടുവയ്ക്കുന്നതെന്നും മടവൂര്‍ വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഈ പിന്തിരിപ്പന്‍ നിലപാട് പ്രസ്ഥാനത്തെ മുസ്ലിം സമുദായത്തില്‍നിന്നു പുറന്തള്ളപ്പെടാന്‍ മാത്രമേ സഹായിക്കൂയെന്നാണു മടവൂര്‍ വിഭാഗം പറയുന്നത്.
ഡോക്യുമെന്ററികള്‍, നാടകങ്ങള്‍, ടെലിഫിലിമുകള്‍ തുടങ്ങിയവ ഒഴിവാക്കണമെന്നാണു വിചിന്തനത്തിലെ ലേഖനത്തില്‍ പറയുന്നത്. സംഗീതം ഒരു ഭ്രാന്തു പോലെ പടര്‍ന്നുപിടിക്കുന്ന ഇക്കാലത്ത് അതിന്റെ പ്രചാരകരാവുന്നതിനു പകരം പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും അനുവദനീയമായ മറ്റു മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുജാഹിദ് ആദര്‍ശത്തിനു വിരുദ്ധവും പാരമ്പര്യത്തിനും ചരിത്രത്തിനും നേരെയുള്ള കൊഞ്ഞനം കുത്തലാണിതെന്നും ഐക്യത്തിനായി രൂപപ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങളുടെ നഗ്നമായ ലംഘനവുമാണു ലേഖനമെന്ന ശക്തായ വികാരമാണു അണികള്‍ക്കും നേതാക്കള്‍ക്കുമിടയിലുള്ളത്. പിന്തിരിപ്പനും അപകടകരവുമായ നിലപാടുകള്‍ മുന്നോട്ടുവയ്ക്കുന്ന ലേഖനം പ്രസിദ്ധീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും തെറ്റ് വരുത്തിയവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നുമുള്ള വികാരം സംഘടനയില്‍ ശക്തമാണ്.
ലേഖനത്തെച്ചൊല്ലി താഴെത്തലം മുതലുള്ള സംഘടനാ വൃത്തങ്ങളില്‍ രൂക്ഷമായ ചര്‍ച്ച നടക്കുകയാണ്. താന്‍ പ്രതിനിധീകരിച്ച ഹുസൈന്‍ മടവൂര്‍ വിഭാഗത്തില്‍നിന്നുള്ള രൂക്ഷവിമര്‍ശനങ്ങളെത്തുടര്‍ന്നാണ് അസ്ഗറലിയുടെ രാജി. തെറ്റുപറ്റിയെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അസ്ഗറലി കുറ്റസമ്മതം നടത്തിയതായാണു ഔദ്യോഗികപക്ഷം സ്വകാര്യമായി വിശദീകരിക്കുന്നത്. അതേസമയം, രാജിക്കാര്യത്തില്‍ അസ്ഗറലിയുടെ പാത പിന്തുടരാന്‍ അബ്ദുള്‍ റഹ്മാന്‍ സലഫി തയാറായിട്ടില്ല. രാജിവച്ചില്ലെങ്കില്‍ ഇദ്ദേഹത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ആവശ്യം മടവൂര്‍ വിഭാഗത്തില്‍നിന്ന് ഉയര്‍ന്നുകഴിഞ്ഞു. ഇക്കാര്യത്തില്‍ കെ.എന്‍.എം നേതൃത്വം ഇതുവരെയും പ്രതികരിച്ചിട്ടില്ല. വിവാദ വിഷയങ്ങളിലെ തെറ്റ് കെ.എന്‍.എമ്മോ പണ്ഡിത വിഭാഗമായ കേരള ജംഇയ്യത്തുല്‍ ഉലമയോ പരസ്യമായി തിരുത്തി ആശയവ്യക്ത വരുത്തണമെന്ന ആവശ്യം മടവൂര്‍ വിഭാഗത്തില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്.