scorecardresearch

Latest News

സിനിമാ സംഘടനകളിലും ലൊക്കേഷനുകളിലും ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന് ഹൈക്കോടതി

എന്നാല്‍ രാഷ്ട്രീയ പാർട്ടികളിലും സമാന സംവിധാനം വേണമെന്ന ആവശ്യം കോടതി നിരസിച്ചു

Photo: Facebook/ WCC

കൊച്ചി: സിനിമാ മേഖലയിൽ സ്ത്രീകളുടെ പ്രശ്നങ്ങൾക്കായി ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന് ഹൈക്കോടതി. ചലച്ചിത്ര സംഘടനകളിലും ചിത്രീകരണ ലൊക്കേഷനുകളിലും പരാതി പരിഹാര സംവിധാനം വേണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പരാതി കേൾക്കുന്നതിനു സമിതി രുപീകരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. കോടതി ഉത്തരവിനെ ഡബ്ല്യുസിസി സ്വാഗതം ചെയ്തു.

പത്തുപേരിൽ കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്ന മേഖലകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്നു കോടതി ഉത്തരവിട്ടു. ഓരോ സിനിമയെയും ഓരോ സ്ഥാപനമായി കണക്കാക്കി സമിതി രൂപീകരിക്കണം.

സിനിമാ സംഘടനകളില്‍ സ്ത്രീകള്‍ 10 പേരില്‍ കൂടുതല്‍ ഉണ്ടങ്കില്‍ നിര്‍ബന്ധമായും സമിതി രൂപീകരിക്കണം. സ്ത്രീകള്‍ പത്തില്‍ താഴെയാണങ്കില്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രാദേശിക സമിതികളെ സമീപിക്കണം. താരസംഘടനയായ അമ്മ പാര്‍ലമെന്റ് പാസാക്കിയ നിയമ പ്രകാരമുള്ള പരാതി പരിഹാര സെല്‍ രൂപീകരിക്കണം. സിനിമാ മേഖലയിലെ സംഘടനകള്‍ക്കു മൊത്തത്തില്‍ ഒരു സമിതി രൂപീകരിക്കുന്നത് അഭികാമ്യമായിരിക്കും.

ജോലിസ്ഥലത്ത് പീഡനത്തിനിരയായാല്‍ സ്ത്രീകള്‍ സര്‍ക്കാര്‍ തലത്തിലുള്ള പ്രാദേശിക സമിതിയില്‍ പരാതി നല്‍കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു.

അതേസമയം, രാഷ്ട്രീയ പാർട്ടികളിലും സമാന സംവിധാനം വേണമെന്ന ആവശ്യം കോടതി നിരസിച്ചു. തൊഴിലാളി- തൊഴിലുടമ ബന്ധം ഇല്ലാത്ത സാഹചര്യത്തിലാണ് രാഷ്ട്രീയ പാർട്ടികളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനുള്ള ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന ആവശ്യം കോടതി തള്ളിയത്.

സമിതി രൂപീകരിക്കാൻ തയാറാണെന്ന് സംഘടനകളായ എഎംഎംഎയും ഫെഫ്കയും കോടതിയെ അറിയിച്ചിരുന്നു. ചലച്ചിത്രമേഖലയിൽ നിന്നുള്ള വനിതകളെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടന്ന് വനിതാ കമ്മിഷനും അറിയിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്നാണ് സമിതി രൂപീകരിക്കണമെന്ന ആവശ്യമുമായി ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോര്‍ട്ട് നടപ്പാക്കാൻ സർക്കാരിനോട് നിർദേശിക്കണമെന്ന ആവശ്യം ഹൈക്കോടതി നേരത്തെ നിരസിച്ചിരുന്നു. കോടതിക്കു സർക്കാരിനോട് നിർദേശിക്കാനാവില്ലെന്നും റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സർക്കാരിൻ്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്നും കോടതി വ്യക്തമാക്കി.

കമ്മിഷനു സാക്ഷികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ദിശ എന്ന സന്നദ്ധ സംഘടനയാണ് കോടതിയെ സമീപിച്ചത്. പീഡന പരാതികള്‍ പരിഗണിക്കുന്നതിന് ജില്ലാതല ങ്ങളിലായി 258 നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ അറിയിച്ചു.

സിനിമാ മേഖലയിലെ സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി നിയമനിര്‍മാണം നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചലച്ചിത്രമേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ, അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചചെയ്തശേഷമായിരിക്കും നിയമനിര്‍മണത്തിലേക്കു കടക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: കെ-റെയില്‍: അനുമതി വിശദമായ സാമ്പത്തിക സാങ്കേതിക റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമെന്ന് കേന്ദ്രം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Internal complaints committee malayalam film industry kerala high court

Best of Express