ആലപ്പുഴ: മതവിശ്വാസത്തിൽ താത്പര്യമില്ലെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയ യുവതികളെ കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടു. ആലപ്പുഴ ഹരിപ്പാട് മുട്ടം സ്വദേശികളായ 22 കാരിയും സഹോദരിയായ ബികോം വിദ്യാർത്ഥിനിയുമാണ് വീടുവിട്ടിറങ്ങിയത്.

കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇരുവരെയും കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇരുവരും എറണാകുളത്തെ ഹോസ്റ്റലിൽ താമസിക്കുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. എറണാകുളം മുൻസിഫ് കോടതിയിൽ നേരിട്ട് ഹാജാരാകാമെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്.

എന്നാൽ ഇരുവരും കോടതിയിൽ ഹാജാരാകാതിരുന്നതിനെ തുടർന്ന് ഹരിപ്പാട് നിന്നുളള പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. ഇഷ്ടമില്ലാത്ത വിവാഹം നടത്തുമെന്ന ആശങ്ക വർദ്ധിച്ചപ്പോഴാണ് വീട്ടുകാരെ ആശ്രയിക്കാതെ ജീവിക്കാന്‍ തീരുമാനിച്ചതെന്ന് മൂത്ത സഹോദരി കോടതിയെ അറിയിച്ചു. മതവിശ്വാസത്തിൽ താത്പര്യമില്ലെന്നും യുക്തിവാദ ആശയഗതികളോട് ആഭിമുഖ്യം പുലര്‍ത്തുന്നുണ്ടെന്നും അവർ കോടതിയിൽ പറഞ്ഞു. സ്വന്തമായി അദ്ധ്വാനിച്ച് ജീവിക്കാനാണ് താത്പര്യം എന്ന് പറഞ്ഞതോടെ ഇരുവരെയും സ്വന്തം ഇഷ്ടപ്രകാരം പോകാൻ കോടതി അനുവദിച്ചു.

എറണാകുളത്ത് ജോലി ലഭിച്ചിട്ടുണ്ടെന്നും സഹോദരിയെ സംരക്ഷിക്കാമെന്നും പഠിപ്പിച്ചുകൊളളാമെന്നും മൂത്തയാൾ കോടതിയിൽ അറിയിച്ചു. ഹരിപ്പാട് മുന്‍സിഫ് മജിസ്ട്രേറ്റ് ഡി.ശ്രീകുമാറാണ് യുവതികൾക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ അനുവദിച്ചത്.

എന്നാൽ മക്കളെ മതപരമായി ജീവിക്കാൻ നിർബന്ധിച്ചിട്ടില്ലെന്ന് കോടതിയിൽ മാതാപിതാക്കൾ വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മൂത്ത മകൾക്ക് വിവാഹം നിശ്ചയിച്ചുവെന്ന വാദവും മാതാപിതാക്കൾ തളളി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ