തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്കുള്ള ബസ് സർവീസുകൾ ഇന്ന് മുതൽ. ബസുകളിൽ പഴയ ടിക്കറ്റ് നിരക്ക് തന്നെയായിരിക്കും. എല്ലാ സീറ്റിലും യാത്രക്കാർക്ക് ഇരിക്കാം. എന്നാൽ, നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കില്ല. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി എല്ലാ സീറ്റുകളിലും ഇരുന്നുള്ള യാത്ര നേരത്തെ വിലക്കിയിരുന്നു. എന്നാൽ, എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കേന്ദ്ര മാനദണ്ഡം അനുസരിച്ചാണ് അയൽ ജില്ലകളിലേക്കുള്ള ബസ് സർവീസ് പുനഃരാരംഭിക്കുന്നത്.

എല്ലാ സീറ്റിലും യാത്രക്കാരെ അനുവദിച്ച സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് വർധനയുണ്ടാകില്ല. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയപ്പോൾ സർക്കാർ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരുന്നു. ബസിലെ യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കണം. മുൻപിലെ വാതിലിലൂടെ കയറുകയും പിൻവാതിലിലൂടെ പുറത്തിറങ്ങുകയും ആണ് ചെയ്യേണ്ടത്. മുൻവാതിലിൽ സാനിറ്റൈസർ ഉണ്ടായിരിക്കണം. 2,190 ഓര്‍ഡിനറി സര്‍വീസുകളും 1,037 അന്തര്‍ ജില്ലാ സര്‍വീസുകളുമായിരിക്കും നടത്തുക.

Read More: ജൂൺ 5 മുതൽ കേരളത്തിലേക്ക് കൂടുതൽ രാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ

അതേസമയം, പഴയ നിരക്കില്‍ സമീപ ജില്ലയിലേക്ക് സര്‍വീസ് നടത്താനാകില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്. നിരക്ക് വര്‍ധിപ്പിക്കാതെ അന്തര്‍ജില്ലാ സര്‍വീസ് നടത്തില്ലെന്ന് സ്വകാര്യ ബസുടമകള്‍ അറിയിച്ചു.

പകുതി സീറ്റുകളിൽ യാത്രാനുമതി എന്നാണ് ആദ്യം ആലോചിച്ചത്. എന്നാൽ, വിമാനത്തിലും ട്രെയിനിലും മുഴുവൻ സീറ്റുകളിലും യാത്രക്കാരെ കയറ്റുന്നുണ്ട്. അതുകൊണ്ട് ബസിലും അങ്ങനെ യാത്രക്കാരെ അനുവദിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

അന്തര്‍ജില്ലാ ബസ് സർവീസ് പരിമിതമായ തോതില്‍ അനുവദിക്കാമെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. തൊട്ടടുത്ത രണ്ടു ജില്ലകള്‍ക്കിടയില്‍ ബസ് സര്‍വീസ് അനുവദിക്കാം. സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണം. കാറിൽ ഡ്രൈവറെ കൂടാതെ മൂന്ന് യാത്രക്കാർ. ഓട്ടോറിക്ഷയിൽ ഡ്രെെവർ കൂടാതെ രണ്ട് യാത്രക്കാർ എന്നിങ്ങനെയും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.