തിരുവനന്തപുരം: കൃഷിമന്ത്രി വി.എസ്.സുനിൽ കുമാറിനെ കാണാൻ പോയ സംസ്ഥാന ഇന്റലിജൻസ് മേധാവി ഡിജിപി മുഹമ്മദ് യാസിന് അബദ്ധംപറ്റി. കൃഷിമന്ത്രിയുടെ വീട്ടിലേക്ക് പോകുന്നതിനു പകരം ഇന്റലിജൻസ് മേധാവി പോയത് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ വീട്ടിലേക്ക്. അവിടെ ചെന്ന ഡിജിപി റവന്യൂമന്ത്രിയോട് സുനില്‍കുമാര്‍ അല്ലേയെന്നു ചോദിക്കുകയും ചെയ്തു. ഇത്ര പിടിയില്ലാത്തവരോ ഇന്റലിജന്‍സ് മേധാവിയെന്നും താന്‍ വിളിച്ചിട്ടല്ല ഡിജിപി വന്നതെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ പിന്നീട് മാധ്യമങ്ങളോടു പ്രതികരിച്ചു.

അതേസമയം, ഡ്രൈവർക്ക് പറ്റിയ അബദ്ധം മൂലാമാണ് വീടു മാറി പോയതെന്ന് ഡിജിപി പ്രതികരിച്ചു. ഡ്രൈവർ വീട് മാറി റവന്യൂമന്ത്രിയുടെ വീട്ടിലേക്ക് കൊണ്ടു ചെല്ലുകയായിരുന്നു. കൃഷിമന്ത്രി സുനിൽ കുമാറിനെ നന്നായിട്ട് അറിയാം. മന്ത്രിമാരുടെ വീട്ടിൽ പോകാൻ തനിക്ക് അവകാശമുണ്ട്. താൻ പറഞ്ഞത് റവന്യൂമന്ത്രി തെറ്റിദ്ധരിച്ചതാവാമെന്നും ഡിജിപി മനോരമ ന്യൂസിനോട് പറഞ്ഞു.

രാവിലെ 7.30 ഓടെയാണ് സംഭവം. തൃശൂരിൽ ഇന്റലിജൻസിന്റെ ഓഫിസ് പ്രവർത്തിക്കാൻ ഇപ്പോൾ സ്ഥലമില്ലാത്ത അവസ്ഥലയാണ്. ജലസേചന വകുപ്പിന്റെ കെട്ടിടം അവിടെയുണ്ട്. ഈ കെട്ടിടത്തിൽ ഇന്റലിജൻസ് ഓഫിസ് പ്രവർത്തിക്കാൻ അനുവാദം തേടിയാണ് മുഹമ്മദ് യാസിൻ കൃഷിമന്ത്രി വി.എസ്.സുനിൽകുമാറിന്റെ വീട്ടിലേക്ക് പോയത്. വീട് മാറി റവന്യൂമന്ത്രിയുടെ വീട്ടിലേക്ക് ചെന്ന ഡിജിപി പിന്നീട് കൃഷിമന്ത്രിയുടെ വീട്ടിലേക്ക് പോവുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ