തിരുവനന്തപുരം: കേരള പൊലീസില്‍ രാഷ്ട്രീയ അതിപ്രസരമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വിഷയത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കി. പൊലീസില്‍ മുമ്പൊരിക്കലും കാണാത്ത തരത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം വര്‍ധിച്ചിട്ടുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഭരിക്കുന്ന പാര്‍ട്ടികളുടെ അനുകൂലികളെ പോലെയാണ് പൊലീസ് അസോസിയേഷനുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും പൊലീസ് അസോസിയേഷന്‍ യോഗത്തില്‍ രക്തസാക്ഷി അനുസ്മരണങ്ങളും മുദ്രാവാക്യം വിളികളുമുണ്ടാകാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പൊലീസ് നിഷ്‌പക്ഷരായിരിക്കണമെന്നും എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആശ്വാസ്യകരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസ് അസോസിയേഷന്‍ യോഗത്തില്‍ രക്തസാക്ഷി അനുസ്‌മരണം നടത്തിയതും മുദ്രാവാക്യം വിളിച്ചതും വിവാദമായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അസോസിയേഷന്‍ യോഗത്തിലെ രക്തസാക്ഷി അനുസ്‌മരണം നിയമവിരുദ്ധമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാഷ്ട്രീയ അക്രമങ്ങളില്‍ ജീവന്‍ നഷ്ടമാകുന്നവരാണ് രക്തസാക്ഷികളെന്നും അവര്‍ക്ക് അനുസ്‌മരണ യോഗം നടത്തുന്നത് പൊലീസിലെ രാഷ്ട്രീയ അതിപ്രസരമാണെന്നും കൃത്യനിര്‍വ്വഹണത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട പൊലീസുകാരെ ഇതുപോലെ അനുസ്‌മരിക്കുന്നുണ്ടോയെന്നും റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു.

രക്തസാക്ഷി അനുസ്‌മരണത്തിന് പുറമെ അസോസിയേഷന്റെ ലോഗോയില്‍ മാറ്റം വരുത്തിയ സംഭവത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇത്തരം സംഭവങ്ങള്‍ പൊലീസിന്റെ വിശ്വാസ്യതയെ തകര്‍ക്കുമെന്നും ഇന്റലിജന്‍സ് എഡിജിപി ടി.കെ.വിനോദ് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.