തിരുവനന്തപുരം: ലോ അക്കാദമിയിലെ ഭൂമി സംബന്ധിച്ച് ഇന്ന് തന്നെ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ രജിസ്ട്രേഷൻ ഐ.ജി യ്‌ക്ക് മന്ത്രി ജി.സുധാകരൻ നിർദ്ദേശം നൽകി. ഇന്നലെയാണ് ഇത് സംബന്ധിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിയമവകുപ്പിന്റെ സഹായം തേടി റവന്യു വകുപ്പ് കത്തച്ചത്.
ലക്ഷ്മി നായർക്കും കുടുംബത്തിനും ഉന്നത തല ബന്ധങ്ങൾ ഉണ്ടെന്നിരിക്കെ, നടപടികൾ വളരെ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് റവന്യു വകുപ്പിന്റെ ശ്രമം. ഇത് സംബന്ധിച്ച് നിയമ-റവന്യു വകുപ്പുകളിലെ സെക്രട്ടറിമാർ ഇന്നലെ പ്രാഥമിക ചർച്ച നടത്തി.
മുൻപ് മന്ത്രിസഭാ യോഗത്തിലാണ് ലോ അക്കാദമിക്ക് ഭൂമി വിട്ടു നൽകിയത്. ഇതിനാൽ തന്നെ മന്ത്രി ഇ.ചന്ദ്രശേഖരനു മാത്രമായി സ്ഥലം തിരിച്ച് ഏറ്റെടുക്കാനാവില്ല. മന്ത്രിസഭ തീരുമാനത്തിലൂടെ മാത്രമേ ഇത് തീരുമാനിക്കാനാവൂ. വിഷയത്തിൽ മുഖ്യമന്ത്രി പുലർത്തിയ ഭൂമി ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാട് സി.പി.എം മന്ത്രിമാർ സ്വീകരിച്ചാൽ ഭൂമി ഏറ്റെടുത്തെന്ന് വരില്ല.
അക്കാദമിയിൽ അനധികൃതമായി ബാങ്കും ഹോട്ടലും പ്രവർത്തിക്കുന്നതാണ് റവന്യു വകുപ്പ് സെക്രട്ടറിയുടെ ഇപ്പോഴത്തെ പ്രധാന കണ്ടെത്തൽ. ഇത് രണ്ടും ഇവിടെ നിന്ന് ഒഴിപ്പിച്ച് പ്രശ്നം പരിഹരിക്കാനാവും സർക്കാർ ശ്രമിക്കുക.
അതേസമയം ലോ അക്കാദമി ഭരണസമിതിയെ കുടുംബസ്വത്താക്കി മാറ്റാൻ ലക്ഷ്യമിട്ട് ഡയറക്ടർ നാരായണൻ നായർ ഗൂഢനീക്കം നടത്തിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. 2014 ൽ സർക്കാരറിയാതെ ഭേദഗതി നടത്തി, എല്ലാ ഔദ്യോഗിക അംഗങ്ങളെയും ഭരണസമിതിയിൽ നിന്ന് പുറത്താക്കി. സൊസൈറ്റിയുടെ പൊതുയോഗം ചേരാതെയുള്ള നിയമാവലി ഭേദഗതിക്കെതിരെ സർക്കാരിന് കോടതിയെ സമീപിക്കാം. സർക്കാർ പ്രതിനിധികളെ പങ്കെടുപ്പിക്കാതിരുന്ന യോഗത്തിൽ ഇവരെല്ലാം പുറത്താക്കപ്പെട്ട നടപടിക്ക് നിയമസാധുത ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.