കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ പൊലീസ് പരിശോധനയെ വിമർശിച്ച് നേതാക്കൾ. ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസിൽ പൊലീസ് നടത്തിയ പരിശോധന ഭരണകൂട ഭീകരതയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ പ്രതികാര മനോഭാവത്തോടെ പെരുമാറുകയാണ്. ഇത് ജനാധിപത്യത്തിനും പത്രമാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണ്. കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഠിച്ച് കൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്കെതിരെ ഡോക്യുമെന്‍ററിയെടുത്തെന്ന പേരില്‍ കേന്ദ്രം ബിബിസിയെ വേട്ടയാടി, ഇവിടെ പിണറായി വിജയന്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ തിരിഞ്ഞിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
ബിബിസി ഓഫീസിൽ ആദായ നികുതി വകുപ്പിനെ കൊണ്ട് റെയ്ഡ് നടത്തിയ നരേന്ദ്ര മോദിയും ക്രൈം ബ്രാഞ്ചിനെക്കൊണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിൽ റെയ്ഡ് നടത്തിയ പിണറായി വിജയനും തമ്മിൽ വ്യത്യാസമെന്താണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. ഡൽഹിയിൽ മോദിയും കേരളത്തിൽ മുണ്ടുടത്ത മോദിയുമാണെന്ന് പറയുന്നതിൽ ഒരു തെറ്റുമില്ലെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ്വയം പ്രഖ്യാപിക്കുന്ന അവസ്ഥയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ പരിശോധനയിലൂടെ കണ്ടത്. ഫാസിസത്തിന്റെ ഒരു വശമാണ് ഇത്. ഡൽഹിയിൽ നടക്കുന്നതിന്റെ തനിയാവർത്തനമാണ് കേരളത്തിൽ നടക്കുന്നതെന്നും സതീശൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിന് നേരെ നടക്കുന്ന പരാതിയും പരിശോധനയും ഫാസിസത്തിന്‍റെ ഏറ്റവും ക്രൂരമായ രൂപമാണെന്ന് കെ.കെ.രമ എംഎൽഎ അഭിപ്രായപ്പെട്ടു. ഏത് നാട്ടിലാണ് ജീവിക്കുന്നത്. തങ്ങള്‍ക്കെതിരെ വാര്‍ത്ത ചെയ്യുന്നവരെ, തുറന്നുകാട്ടുന്നവരെ വെറുതെ വിടില്ലെന്നാണ് സിപിഎം ഇതിലൂടെ പറയുന്നത്. പിണറായിക്കെതിരെ വാര്‍ത്ത വന്നത് കൊണ്ട് ഏഷ്യാനെറ്റിനെ ടാര്‍ജറ്റ് ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് രമ പറഞ്ഞു.
ഭരണകൂടത്തിന്‍റെ വിവിധ ഏജന്‍സികളെ ഉപയോഗിച്ച് മാധ്യമങ്ങളെ വരുതിയിലാക്കാനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എൻ.കെ.പ്രേമചന്ദ്രന്‍ എംപി ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ സമാന സ്വഭാവമുള്ള നടപടിയാണ് ഇടത് സര്‍ക്കാരും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസിൽ പൊലീസ് പരിശോധനയ്ക്കെത്തിയത്. പി.വി.അൻവര്‍ എംഎൽഎയുടെ പരാതിയിൽ ജില്ലാ ക്രൈം ബ്രാഞ്ച് അസി. കമ്മീഷണര്‍ വി.സുരേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. നാലു മണിക്കൂറോളം പരിശോധന നീണ്ടുനിന്നു. പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നും ഒന്നും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും എഎസ്പി എൽ.സുരേഷ് പറഞ്ഞു.