കൊച്ചി: തദ്ദേശീയമായി നിര്‍മിച്ച ഏറ്റവും വലിയ പടക്കപ്പല്‍ ഐ എന്‍ എസ് വിക്രാന്ത് കമ്മിഷൻ ചെയ്തു. കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിച്ചു.
രാജ്യത്ത് നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഇന്‍ഡിജിനസ് എയര്‍ക്രാഫ്റ്റ് കാരിയര്‍-1 (ഐ എ സി-1) എന്നാണു നിലവില്‍ രേഖകളില്‍ അറിയപ്പെടുന്നത്. പ്രധാനമന്ത്രി കമ്മിഷന്‍ ചെയ്തതോടെ കപ്പല്‍ ഐ എന്‍ എസ് വിക്രാന്തായി മാറി.
വെള്ളിയാഴ്ച രാവിലെ കൊച്ചി കപ്പല്‍ശാലയില്‍ എത്തിയ പ്രധാനമന്ത്രിയെ ഗാര്‍ഡ് ഓഫ് ഓണറോടെ സ്വീകരിച്ചു. നാവികസേനയുടെ 150 അംഗ സംഘമാണു പ്രധാനമന്ത്രിക്കു ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്.
നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. നാവിക പതാകയായ ‘ദി ഇന്ത്യന്‍ നേവല്‍ എന്‍സൈന്‍’ അദ്ദേഹം കപ്പലിന്റെ പിന്‍ഭാഗത്തെ ക്വാര്‍ട്ടര്‍ ഡെക്കില്‍ ഉയര്‍ത്തി. വിക്രാന്തില്‍ സ്ഥാപിച്ചി കമ്മിഷനിങ് ഫലകവും പ്രധാനമന്ത്രി അനാഛാദനം ചെയ്തു.
ചടങ്ങില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ്, സേനാ മേധാവികൾ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, ഉന്നതോദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ള വിശിഷ്ടവ്യക്തികള്‍ പങ്കെടുത്തു.
1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ച രാജ്യത്തിന്റെ ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐ എന്‍ എസ് വിക്രാന്തിന്റെ ഓര്‍മയ്ക്കായാണു പുതിയ കപ്പലിന് അതേ പേര് നല്‍കിയത്.
എന്താണ് കമ്മിഷനിങ്?
പടക്കപ്പലിനെ സജ്ജമാക്കി ഇറക്കാനുള്ള നിയമപരമായ ഉത്തരവ് നാവിക സേനാ മേധാവി കപ്പലിന്റെ പ്രധാന അധികാരിക്കു കൈമാറുന്ന പരമ്പരാഗതമായ നാവിക സമ്പ്രദായമാണ് കമ്മിഷനിങ് സെറിമണി. കമ്മിഷനിങ് പതാക കപ്പലിന്റെ ഏറ്റവും മുകളിലേക്ക് ഉയര്‍ത്തുന്നതും ഈ ചടങ്ങില്‍ നടക്കുന്നു. പടക്കപ്പല്‍ സജീവ സേവനത്തിലുള്ള കാലത്തോളം കമ്മിഷനിങ് പതാക അതേസ്ഥാനത്തുണ്ടാകും.
വിക്രാന്ത് സവിശേഷതകള്‍
പുതിയ ഐ എന്‍ എസ് വിക്രാന്തിനെ ‘ഗെയിം ചെയ്ഞ്ചര്‍’ എന്നാണു വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഇന്ത്യയുടെയും നാവികസേനയുടെയും സ്ഥാനം ശക്തിപ്പെടുത്താന്‍ ഈ പടക്കുതിര നിര്‍ണായക പങ്കുവഹിക്കും. ഇന്ത്യയില്‍ ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ യുദ്ധക്കപ്പലാണു 45,000 ടണ്ണിനടുത്ത് കേവ് ഭാരമുള്ള ഐ എന്‍ എസ് വിക്രാന്ത്. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച ആദ്യ പടക്കപ്പലാണിത്.
ഏതാണ്ട് 20,000 കോടി രൂപയാണു മൊത്തം നിര്‍മാണച്ചെലവ്. കപ്പലിന്റെ 76 ശതമാനത്തിലധികം ഭാഗങ്ങളും തദ്ദേശീയമായി നിര്‍മിച്ചതാണ്. മുന്‍ഗാമിയേക്കാള്‍ വലുതും വിശാലവുമാണു പുതിയ വിക്രാന്ത്. മൂന്ന് ഫുട്ബോള്‍ മൈതാനങ്ങളുടെ അല്ലെങ്കില്‍ 333 നീലത്തിമിംഗലങ്ങളുടെ വലുപ്പള്ള വിമാനവാഹിനിക്കപ്പലിന് 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമുണ്ട്. 28 നോട്ടിക്കല്‍ മൈലാണു കപ്പലിന്റെ പരാമവധി വേഗത.
14 ഡക്കുകളാണ് കപ്പലിനുള്ളത്. ഫ്ളൈറ്റ് ഡെക്കിനു മുകളിലായി സൂപ്പര്‍ സ്ട്രക്ചറിലായി അഞ്ചും താഴെയായി ഒന്‍പതും ഡെക്കുകള്‍. വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹാങ്ങര്‍ ആണ് ഒരു ഡെക്ക്. ഇതില്‍ ഒരേ സമയം 20 വിമാനം സൂക്ഷിക്കാം. ഹാങ്ങറില്‍നിന്ന് ലിഫ്റ്റ് വഴിയാണ് വിമാനങ്ങള്‍ ഫ്ളെറ്റ് ഡെക്കിലെത്തിക്കുക.
മൊത്തം ഡെക്കുകളിലായി 2300 കമ്പാര്‍ട്ട്മെന്റുകളാണുള്ളത്. ഇതില്‍ 1850 എണ്ണം നാവികരുടെ താമസത്തിനും ഓഫിസ് ആവശ്യത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. വനിതാ ഓഫീസര്‍മാര്‍ക്ക് വേണ്ടി പ്രത്യേക ക്യാബിനുകളുണ്ട്. ഇതു കഴിഞ്ഞുള്ള ക്യാബിനുകളിലാണ് യുദ്ധോപകരണങ്ങളും മറ്റും സൂക്ഷിക്കുക. 100 ഓഫിസര്‍ ഉള്‍പ്പെടെ ആയിരത്തി ഏഴുന്നൂറോളം നാവികരാണു വിക്രാന്തിലുണ്ടാവുക.
ഒരു ചെറിയ പട്ടണത്തിനു പ്രതിദിനം വേണ്ടതിലേറെ വൈദ്യുതി ഐ എന്‍ എസ് വിക്രാന്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട. മൂന്ന് മെഗാവാട്ടിന്റെ എട്ട് ഡീസല്‍ ജനറേറ്റുകളാണു കപ്പലില്‍ വൈദ്യതോല്‍പ്പാദനത്തിന് ഉപയോഗിക്കുന്നത്. ഇലക്ട്രിക് കേബിളുകളുടെ നീളം മൂവായിരം കിലോ മീറ്ററോളം.
2009 ല്‍ ആരംഭിച്ച വിക്രാന്തിന്റ നിര്‍മാണം മൂന്നു ഘട്ടങ്ങളിലായാണു പൂര്‍ത്തിയാക്കിയത്. 2007 മേയില്‍ പ്രതിരോധ മന്ത്രാലയവും കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. 2009 ഫെബ്രുവരിയിലാണ് കപ്പലിനു കീലിട്ടത്. നിര്‍മാണത്തിന്റെ അവസാനഘട്ടം 2019 ഒക്ടോബറില്‍ പൂര്‍ത്തിയായി. തുടര്‍ന്ന് ഒരു വര്‍ഷമായി പലതവണ നടത്തിയ സമുദ്രപരീക്ഷണങ്ങള്‍ക്കൊടുവിലാണു വിക്രാന്ത് കമ്മിഷന്‍ ചെയ്യുന്നത്. കമ്മിഷനിങ് കഴിഞ്ഞ് രണ്ടു വര്‍ഷം കൂടി നാവികസേനയ്ക്കാവശ്യമായ നിര്‍മാണ സാങ്കേതിക സഹായം കൊച്ചി കപ്പല്‍ശാല നല്‍കും.
കപ്പല്‍ പൂര്‍ണ യുദ്ധസജ്ജമാകാന്‍ ഒന്നരവര്‍ഷത്തെ പരീക്ഷണങ്ങള്‍ കൂടി ആവശ്യമാണ്. 2023 ഡിസംബറോടെ വിക്രാന്ത് പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകുമെന്നാണു നാവികസേന പ്രതീക്ഷിക്കുന്നത്. ഫ്‌ളൈറ്റ് ഡെക്കിലെ റണ്‍വേകള്‍ ഉപയോഗയോഗ്യമാക്കിയ ശേഷമാണു യുദ്ധവിമാനങ്ങള്‍ ടേക്ക് ഓഫ്, ലാന്‍ഡിങ് പരീക്ഷണങ്ങള്‍ നടത്തുക.
മൂന്ന് റണ്‍വേയാണ് വിക്രാന്തിലുള്ളത്. രണ്ടെണ്ണം വിമാനങ്ങള്‍ പറന്നുയരാനുള്ളതും ഒന്ന ഇറങ്ങാനുള്ളതും. യഥാക്രമം 203 ഉം 141 ഉം മീറ്ററാണ് പറന്നുയരാനുള്ള റണ്‍വേകളുടെ നീളം. ഇറങ്ങാനുള്ള റണ്‍വേയുടെ നീളം 190 മീറ്ററും. ഷോര്‍ട്ട് ടേക്ക്-ഓഫ്, അറെസ്റ്റഡ് ലാന്‍ഡിംഗ് സംവിധാനമുള്ള വിക്രാന്തിനു 30 വിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുണ്ട്. മിഗ്-29 കെ ഫെറ്റര്‍ ജെറ്റുകള്‍, കാമോവ്-31, എംഎച്ച്-60 ആര്‍ മള്‍ട്ടി-റോള്‍ ഹെലികോപ്ടറുകള്‍, തദ്ദേശീയമായി നിര്‍മ്മിച്ച അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍, ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റുകള്‍ എന്നിവ വഹിക്കാവുന്ന തരത്തിലാണു നിര്‍മാണം.