കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിലാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ട ചുമതലയുള്ള എഡിജിപി ബി.സന്ധ്യ. നിലവിലെ അന്വേഷണം ഗൂഢാലോചന സംബന്ധിച്ചാണെന്നും അവർ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“നടി ആക്രമിക്കപ്പെട്ട കേസിന്റെ കുറ്റപത്രം നേരത്തേ കോടതിയിൽ സമർപ്പിച്ചതാണ്. ഇപ്പോൾ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയാണ് അന്വേഷിക്കുന്നത്. ആദ്യം മുതൽ തന്നെ ശരിയായ ദിശയിലാണ് അന്വേഷണം മുന്നോട്ട് പോയത്. ഇപ്പോഴും അന്വേഷണത്തിൽ നല്ല പുരോഗതി ഉണ്ട്” സന്ധ്യ പറഞ്ഞു.

അതേസമയം ഗൂഢാലോചനയുടെ ചുരുളുകൾ ഉടൻ അഴിയുമെന്നും യഥാർത്ഥ പ്രതികൾ പിടിയിലാകുമെന്നും പൾസർ സുനിയുടെ വക്കാലത്ത് ഏറ്റെടുക്കാനെത്തിയ​ അഡ്വ.ബി.എ.ആളൂർ പറഞ്ഞു. അങ്കമാലി കോടതി പരിസരത്ത് കേസിലെ മുഖ്യപ്രതി പൾസർ സുനിയുമായി ഏതാണ്ട് പതിനഞ്ച് മിനിറ്റിലേറെ നേരം ഇദ്ദേഹം സംസാരിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു വെളിപ്പെടുത്തൽ.

“സുനിയുടെ വക്കാലത്ത് ഏറ്റെടുക്കാൻ കേസിന്റെ തുടക്കം മുതൽ തനിക്ക് സമ്മർദ്ദം ഉണ്ടായിിരുന്നുവെന്ന് അഡ്വ.ബി.എ.ആളൂർ പപറഞ്ഞു. “സുനിയുടെ സുഹൃത്തുക്കളാണ് കേസ് എൽപ്പിച്ചത്. ഇവർ ആരൊക്കെയാണെന്ന് വെളിപ്പെടുത്താൻ സാധിക്കില്ലെ”ന്നും അദ്ദേഹം ഇന്ന് അങ്കമാലി കോടതി പരിസരത്ത് വച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം രണ്ട് ദിവസത്തിനകം കേസിൽ പ്രതികൾ പിടിയിലാകുമെന്ന് ഇന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഇന്ന് അങ്കമാലി കോടതിയിൽ ഹാജരാകും മുൻപ് താൻ സ്രാവുകൾക്കൊപ്പമാണ് നീന്തുന്നതെന്ന് പൾസർ സുനി തന്നെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

“കേസിന്റെ മുഴുവൻ രേഖകളും ലഭിച്ച ശേഷം മാത്രമേ താൻ സുനിയുടെ ജാമ്യപേക്ഷയുമായി മുന്നോട്ട് പോകൂ” എന്ന് അഡ്വ.ആളൂർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ