തിരുവനന്തപുരം: കേരള ലോ അക്കാദമിയിൽ ഇന്റേണൽ മാർക്ക് ദാനം ചെയ്തെന്ന പരാതിയിൽ തുടരന്വേഷണത്തിന് സർവകലാശാല തീരുമാനം. കേരള സർവകലാശാല പരീക്ഷാ കൺട്രോളറാണ് തീരുമാനമെടുത്തത്.
ലക്ഷ്മി നായരുടെ മകന്റെ കാമുകിയെന്ന് പറയപ്പെടുന്ന ആറാം സെമസ്റ്റർ വിദ്യാർഥിനി അനുരാധ പി.നായരുടെ മാർക്കുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ആദ്യ സെമസ്റ്ററിൽ സ്ഥിരമായി അവധിയായിരുന്ന പെൺകുട്ടിക്ക് 14 മാർക്കാണ് ഇന്റേണൽ മാർക്കായി ലഭിച്ചത്. തുടർന്നുള്ള സെമസ്റ്ററുകളിൽ 16 മാർക്ക് ലഭിച്ചുവെന്നാണ് വിദ്യാർഥികളെ അറിയിച്ചത്. എന്നാൽ പിന്നീട് 19-20 മാർക്കായി ഇതു ഉയർന്നെന്ന് വിദ്യാർത്ഥികൾ പരാതി ഉയർത്തിയിരുന്നു.
എല്ലാവർക്കും മുഖം നോക്കിയാണ് മാർക്ക് ഇടുന്നതെന്ന് വിദ്യാർഥികൾ സമരത്തിന്റെ തുടക്കം മുതൽ തന്നെ ആരോപിക്കുന്നതാണ്. ഇക്കാര്യത്തിൽ “അനുരാധയെ പ്രത്യേകമായി ദ്രോഹിക്കണമെന്ന ഉദ്ദേശമൊന്നും തങ്ങൾക്കില്ലെന്ന്” കെഎസ്യു യുണിറ്റ് പ്രസിഡന്റ് അജയ് പറഞ്ഞു. “ഹോസ്റ്റലിലെ വിദ്യാർഥിനികളെ നിരന്തരം ദ്രോഹിച്ചതിനാൽ ആ കാര്യം വിദ്യാർഥിനികൾ ഉന്നയിക്കുകയായിരുന്നു. പ്രത്യേകമായി പേരെടുത്ത് പറഞ്ഞ് ആരുടെയെങ്കിലും മാർക്ക് കുറയ്ക്കുകയല്ല ഉദ്ദേശം. എന്നാൽ മുഖം നോക്കാതെ എല്ലാവരെയും ഒരേ പോലെ കാണണം എന്നതാണ് ആവശ്യം. ഇന്റേണൽ മാർക്കിന്റെ കാര്യത്തിലും അർഹതപ്പെട്ടത് എല്ലാ വിദ്യാർഥികൾക്കും ലഭിക്കണം” എന്നും അദ്ദേഹം പറഞ്ഞു.