തിരുവനന്തപുരം: പ്രതിപക്ഷ നേതാക്കൾക്കെതിരെ കുരുക്ക് മുറുക്കി സർക്കാർ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർക്കെതിരായ അന്വേഷണനീക്കം ഊർജിതമാക്കാൻ സർക്കാർ തീരുമാനിച്ചു. ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാർ, കെ.ബാബു എന്നിവർക്കെതിരെ അന്വേഷണം നടത്താൻ സ്‌പീക്കറുടെ അനുമതി തേടും.

എംഎൽഎമാർക്കെതിരെ അന്വേഷണം നടത്താൻ സ്‌പീക്കറുടെ അനുമതി ആവശ്യമാണ്. അതേസമയം, പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണം നടത്തണമെങ്കിൽ ഗവർണറുടെ അനുമതി വേണം. അതുകൊണ്ട് ഗവർണറുടെ അനുമതി കിട്ടിയ ശേഷമായിരിക്കും പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണത്തിലേക്ക് കടക്കുക.

വി.ഡി.സതീശൻ എംഎൽഎക്കെതിരെയും അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് സർക്കാർ. പുനർജനി പദ്ധതിയിലെ അഴിമതി ആരോപണത്തിലാണ് സതീശനെതിരെ അന്വേഷണം നടത്താൻ ആലോചിക്കുന്നത്. പറവൂർ എംഎൽഎയായ സതീശനെതിരെ അന്വേഷണം നടത്താനും സ്‌പീക്കറുടെ അനുമതി വേണം.

Read Also: അദ്ദേഹം ചതിച്ചു, ദൈവത്തിന്റെ കൈയ്ക്ക് മാപ്പില്ല; മറഡോണയുടെ ഓർമകളിൽ പീറ്റർ ഷിൽട്ടൺ

ബാർകോഴക്കേസിൽ കഴിഞ്ഞ ആഴ്‌ചയാണ് സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണത്തിനു അനുമതി നൽകിയത്. ചെന്നിത്തല കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. വിജിലൻസ് അന്വേഷണത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകുകയായിരുന്നു. ഉമ്മൻചാണ്ടി സർക്കാരിൽ മന്ത്രിമാരായിരുന്ന കെ.ബാബു, വി.എസ്.ശിവകുമാർ എന്നിവർക്കെതിരെയും അന്വേഷണത്തിനു അനുമതി. കേസെടുത്ത് അന്വേഷണം നടത്തണമെന്ന വിജിലൻസ് ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.

ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ പിരിച്ച പണം കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്‌ക്കും മുൻ എക്സൈസ് മന്ത്രി കെ.ബാബു, മുൻ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാർ എന്നിവർക്കും കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ. ചെന്നിത്തലയ്‌ക്ക് ഒരു കോടി രൂപ നൽകിയെന്നാണ് ബിജു രമേശ് പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.